ഹൈദരാബാദ്: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറിൽ പിടിക്കുന്ന വിഡിയൊ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തിരക്കിനിടയിൽ സ്ത്രീകളെ പൊലീസ് തള്ളിയതിനാണ് ദേഷ്യപ്പെട്ടതും കോളറിൽ പിടിച്ചതുമെന്ന് രേണുക മാധ്യമങ്ങളോട് പ്രതികരിച്ചു. പെട്ടെന്ന് പിന്നിൽ നിന്നും ഉണ്ടായ ആക്രമണം പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു എന്നും അവർ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ തുടരുന്ന സമരത്തിൽ പൊലീസ് സംയമനം കാണിക്കണം. പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും അവർ അത് സഹിച്ച് ശാന്തരായി ഇരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യരുതെന്ന് രേണുക ട്വിറ്ററിൽ കുറിച്ചു.
രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ ടി.പി.സി.സി. പ്രസിഡന്‍റ് രേവന്ത് റെഡ്ഡി, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് മല്ലു ഭട്ടി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാഷനൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കുന്നത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.