17 പ്രതികളും
ജുഡീഷ്യൽ
കസ്റ്റഡിയിൽ
കഴിയുകയാണ്
ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നട നടൻ ദർശൻ തൂഗുദീപ, നടിയും മോഡലുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
231 സാക്ഷിമൊഴികൾ ഉൾപ്പെടുത്തി 3991 പേജുള്ള കുറ്റപത്രം 24ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് ബുധനാഴ്ച സമർപ്പിച്ചത്. കേസിന്റെ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കിയതായി ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 17 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. രണ്ടാം പ്രതിയായ ദർശന് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ദർശനെ ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. കൂട്ടുപ്രതികളിൽ ചിലരെ മൈസൂരു സെൻട്രൽ ജയിലിലേക്കും മാറ്റി.
പരപ്പന ജയിലിൽ ദർശന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചീഫ് ജയിൽ സൂപ്രണ്ട് അടക്കം ഒമ്പത് ജീവനക്കാരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് ദർശന്റെ ആരാധകനായ രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് കൊലപാതകം നടത്താൻ തന്റെ ഫാൻസ് ക്ലബ് അംഗത്തെ ഏർപ്പാടാക്കി.
നടനുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന ദർശന്റെ ഫാൻസ് ക്ലബിലെ അംഗമായ രാഘവേന്ദ്രയാണ് രേണുക സ്വാമിയെ ആർ.ആർ നഗറിലെ ഷെഡിലേക്ക് എത്തിച്ചത്. ഇവിടെവെച്ച് രേണുക സ്വാമിയെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.