ന്യൂഡൽഹി: സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് മാനദണ്ഡമാക്കണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം നൽകാനായി ഒരു സംസ്ഥാനത്തെ മൊത്തം സംവരണ പരിധി 50 ശതമാനമാക്കി നിശ്ചയിച്ച ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്നും കേരള സർക്കാർ ബോധിപ്പിച്ചു.
ഇൗ വാദം ഖണ്ഡിച്ച സുപ്രീംകോടതി പിന്നാക്കാവസ്ഥയെന്നാൽ സാമൂഹികമായ പിന്നാക്കാവസ്ഥ ആണെന്ന് പ്രസ്തുത കേസിലെ വിധിയിൽ വ്യക്തമാക്കിയതാണെന്ന് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ മറാത്തികൾക്ക് 16 ശതമാനം സംവരണം െചയ്ത നിയമത്തിനെതിരായ ഹരജിയിലെ അന്തിമ വാദത്തിലാണ് കേരളം നിലപാട് അറിയിച്ചത്.
ഇന്ദിര സാഹ്നി കേസ് പരിഗണിച്ചപ്പോൾ ചരിത്രപരമായ പിന്നാക്കാവസ്ഥ മാത്രമേ കണക്കിലെടുക്കാവൂ എന്നായിരുന്ന സുപ്രീംകോടതി നിലപാട് എന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അന്ന് സംവരണം നൽകിയിരുന്നില്ല എന്നും കേരള സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത വാദിച്ചു.
സാമ്പത്തിക മാനദണ്ഡം കൂടി ഇപ്പോൾ പരിഗണിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണത്തെ ആകെയുള്ള 50 ശതമാനം സംവരണ പരിധിയിൽപ്പെടുത്തരുത്.
ഭരണഘടനയുടെ 15ാം അനുഛേദത്തിലെ സാമൂഹിക സാമ്പത്തിക പിന്നാക്കവസ്ഥയേക്കാൾ വിശാലമാണ് 16ാം അനുഛേദമെന്ന് സുപ്രീംകോടതിയുടെ മറ്റു വിധികളിലുെണ്ടന്ന് സാമ്പത്തിക സംവരണത്തിനുള്ള വാദമായി കേരളം മുന്നോട്ടുവെച്ചു.
സംസ്ഥാനത്ത് ആർക്ക് സംവരണം നൽകണം എന്ന കാര്യത്തിൽ രാഷ്്ട്രപതി അന്തിമ തീരുമാനമെടുക്കുന്ന രീതിയും കേരളം ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.