ഹൈദരാബാദ്: തെലങ്കാനയിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സോണിയ ഗാന്ധിയെ സന്ദർശിച്ചാണ് തെലങ്കാനയിൽ മത്സരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചത്.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരോടൊപ്പമാണ് രേവന്ത് റെഡ്ഡി സോണിയയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ പിന്തുണച്ച് തെലങ്കാന പി.സി.സി പ്രമേയം പാസാക്കിയെന്നും അധ്യക്ഷൻ അറിയിച്ചു.
തെലങ്കാനയുടെ അമ്മയായാണ് സോണിയ ഗാന്ധിയെ ജനങ്ങൾ കാണുന്നതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു. അതേസമയം, സമയമാവുമ്പോൾ മത്സരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രേവന്തിനെ സോണിയ അറിയിച്ചതായാണ് വിവരം.
തെലങ്കാനയിലെ 17 ലോക്സഭ സീറ്റുകളിൽ പരമാവധി എണ്ണം നേടുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവരം സോണിയ ഗാന്ധിയെ അറിയിച്ചുവെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.