ഇ. അഹമ്മദിനെ മാറ്റിക്കിടത്താന്‍ കാര്‍ഡിയാക് ഐ.സി.യു നല്‍കിയില്ല, കേന്ദ്ര വാദം പൊളിഞ്ഞു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്‍െറ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികിത്സക്കാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിഞ്ഞു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ.സി.യുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചില്ളെന്നു മാത്രമല്ല, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ.സി.യുവില്‍ കിടത്തുകയായിരുന്നു. വി.ഐ.പികളെയും വി.വി.ഐ.പികളെയും പ്രവേശിപ്പിക്കാറുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രി നഴ്സിങ് ഹോമിലെ ഐ.സി.യുവിലേക്കായിരുന്നു ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ അഹമ്മദിനെ പാര്‍ലമെന്‍റില്‍നിന്ന് കൊണ്ടുപോയത്.

നഴ്സിങ് ഹോമിന്‍െറ ചുമതലയുള്ള മുതിര്‍ന്ന ഡോക്ടര്‍, കാര്‍ഡിയാക് വിഭാഗം തലവന്‍, അനസ്തേഷ്യ വിഭാഗം തലവന്‍ എന്നിവര്‍ക്കായിരുന്നു ചികിത്സാ ചുമതല. നഴ്സിങ് ഹോം ഐ.സി.യുവില്‍ വെച്ച് കാര്‍ഡിയാക് വിഭാഗമാണ് പേസ്മേക്കര്‍ ഘടിപ്പിച്ചതും ഹൃദയാഘാതമുണ്ടായ ആളെന്ന നിലക്കുള്ള ചികിത്സ നല്‍കിയതും. ഇതിനിടയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലത്തെി ഐ.സി.യുവിലുണ്ടായിരുന്ന മുഴുവന്‍ എം.പിമാരെയും അടുത്തുള്ള മുറിയിലാക്കി വാതിലടച്ച് മേധാവിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചക്കുശേഷമാണ് അതുവരെ തീവ്രപരിചരണം നല്‍കിയിരുന്ന നഴ്സിങ് ഹോം ഐ.സി.യുവില്‍നിന്ന് അഹമ്മദിനെ മാറ്റിയത്.

അതിഗുരുതരാവസ്ഥയിലായിരുന്നെങ്കില്‍ കാര്‍ഡിയാക് ഐ.സി.യുവിലേക്ക് മാറ്റാനായിരുന്നു കാര്‍ഡിയാക് വിഭാഗം മേധാവി നിര്‍ദേശം നല്‍കേണ്ടിയിരുന്നത്. ഇതാകട്ടെ അഹമ്മദിനെ ആദ്യം കിടത്തിയ ഐ.സി.യുവില്‍നിന്ന് വലിയ അകലത്തിലല്ലാതെ താഴത്തെ നിലയിലായിരുന്നു. എന്നാല്‍, അഹമ്മദിനെ ആശുപത്രിയുടെ മറ്റേ അറ്റത്തുള്ള ട്രോമ ഐ.സി.യുവില്‍ കിടത്തുകയാണ് ചെയ്തത്. തുടര്‍ന്ന് അതിഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് പറഞ്ഞ് സന്ദര്‍ശകരെ വിലക്കി ട്രോമ ഐ.സി.യുവിന് മുന്നില്‍ നോട്ടീസ് പതിച്ചു. കാര്‍ഡിയാക് ഐ.സി.യു അന്നും പ്രവര്‍ത്തിച്ചിരുന്നു.

 

Tags:    
News Summary - rml hospital not allowed cardiac icu to ex union minister e ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.