ആമസോണിൽ ഓർഡർ ചെയ്തത് 90,000 രൂപയുടെ ലെൻസ്; കിട്ടിയത് പാക്കറ്റ് നിറയെ വിത്ത്

ന്യൂഡൽഹി: സാധനങ്ങൾ മാറിപ്പോകുന്നതും ആർഡർ ചെയ്ത സാധനത്തിന് പകരം കല്ലും മണ്ണും പേപ്പറുമൊക്കെ കിട്ടുന്നത് ഓൺലൈൻ വ്യാപാരത്തെ സംബന്ധിച്ച് ഇപ്പോൾ സർവസാധാരണമായി മാറിക്കഴിഞ്ഞു. ഡിസ്കൗണ്ട് സെയിലുകൾ പൊടിപൊടിക്കുന്ന സമയത്ത് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

90,000 രൂപയുടെ കാമറ ലെൻസ് വാങ്ങിയ യുവാവിന് ലഭിച്ചത് ഒരു പാക്കറ്റ് ക്വിനോവ വിത്തുകളായിരുന്നു. അരുൺ കുമാർ മെഹർ ആമസോണിൽ നിന്നും സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തിരുന്നു. ഒറ്റദിവസം കൊണ്ട് തന്നെ ഓർഡർ ഡെലിവർ ആകുകയും ചെയ്തിരുന്നു. പക്ഷേ പാക്കറ്റ് തുറന്ന് നോക്കിയപ്പോഴാണ് അരുൺ കുമാറിന്‍റെ കിളി പോയത്. പെട്ടിയിൽ ലെൻസിന് പകരം ഒരു പാക്കറ്റ് ക്വിനോവ വിത്ത്. ട്വിറ്ററിലൂടെയായിരുന്നു താൻ പറ്റിക്കപ്പെട്ട വിവരം അരുൺ വെളിപ്പെടുത്തുന്നത്.

"ആമസോണിൽ നിന്ന് 90,000 രൂപ വിലയിലുള്ള കാമറ ലെൻസ് ഓർഡർ ചെയ്തിരുന്നു. പക്ഷേ ക്വിനോവ വിത്തുകളുള്ള ലെൻസ് ബോക്സ് ആണ് കമ്പനി അ‍യച്ചുതന്നത്. @amazonIN, Appario റീട്ടെയിൽ അഴിമതി എത്രയും പെട്ടെന്ന് പരിഹരിക്കൂ" - എന്നായിരുന്നു അരുണിന്‍റെ ട്വീറ്റ്യ ലെൻസിന് പകരം ലഭിച്ച ക്വിനോവ വിത്തിന്‍റെ ചിത്രവും ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്നും സംഭവത്തിൽ ഉടൻ പരിഹാരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം വിഷയത്തെകുറിച്ച് അന്വേഷിക്കുകയാണെന്നും കഴിയാവുന്ന സഹായങ്ങളെല്ലാം ലഭ്യമാക്കുമെന്നുമാണ് ആമസോണിന്‍റെ പ്രതികരണം.

അടുത്തിടെ, ആമസോണിൽ ഓർഡർ ചെയ്ത ആപ്പിൾ വാച്ചിന് പകരം വ്യാജ റിസ്റ്റ് വാച്ച് ലഭിച്ചെന്ന പരാതിയുമായി മറ്റൊരു ഉപഭോക്താവ് രംഗത്തെത്തിയിരുന്നു. 50,900 രൂപയ്‌ക്ക് യുവതി ഓർഡർ ചെയ്ത ആപ്പിൾ വാച്ചിന് പകരമായിട്ടാണ് വ്യാജ വാച്ച് ലഭിച്ചത്.

Tags:    
News Summary - Rs 90,000 lens ordered on Amazon; Got a packet full of seeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.