ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും ഹിന്ദുത്വവും കൊണ്ട് മാത്രം ബി.ജെ.പിക്ക് 2024ൽ വിജയിക്കാനാവില്ലെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ. സദ്ഭരണം കൂടിയുണ്ടാകുമ്പോൾ മാത്രമെ മോദിയുടെ വ്യക്തി പ്രഭാവവും ഹിന്ദുത്വവും യഥാർഥത്തിൽ മുതൽക്കൂട്ടാവുകയുള്ളൂ എന്നും ഓർഗനൈസർ എഡിറ്റർ പ്രഫുല്ല കേത്കർ എഴുതിയ ലേഖനത്തിൽ ബി.ജെ.പിയെ ഓർമിപ്പിച്ചു. അധികാര കേന്ദ്രീകരണത്തിന്റെ വിനാശം പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് തുടങ്ങിയിരിക്കുകയാണെന്ന് ‘നയാ ഇന്ത്യ’ എന്ന തന്റെ കോളത്തിൽ വലതുപക്ഷ മാധ്യമപ്രവർത്തകൻ ഹരിശങ്കർ വ്യാസും വിമർശിച്ചു.
മോദി അധികാരമേറി ഒമ്പത് വർഷത്തിനുള്ളിൽ ഇതാദ്യമായാണ് സംഘ് പരിവാറിനുള്ളിൽ തന്നെ മോദിക്കും അദ്ദേഹത്തിന്റെ ശൈലിക്കുമെതിരെ ശക്തമായ വിമർശനമുയരുന്നത്. മോദിയുടെ പ്രഭാവത്തിനും ഹിന്ദുത്വ ആശയത്തിനുമൊപ്പം കർണാടകയിൽ ബി.ജെ.പിക്ക് സദ്ഭരണം കാഴ്ചവെക്കാനാകാതെ പോയെന്ന് ഓർഗനൈസർ എഡിറ്റർ വിമർശിച്ചു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തിയെങ്കിലും ഞെട്ടിച്ചിട്ടില്ല. കർണാടക ഫലം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാകുമെന്ന് ഊഹിക്കുന്നത് അനുചിതമാണ്. കർണാടക ഫലം പ്രതിപക്ഷത്തിന്റെ വിശേഷിച്ചും കോൺഗ്രസിന്റെ ആത്മവീര്യമേറ്റി.
കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറിയതിൽ പിന്നെ ആദ്യമായാണ് ഒരു നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കേണ്ടി വന്നത്. ദേശീയ തലത്തിലുള്ള പരിപാടികൾ പറഞ്ഞ് വോട്ട് പിടിക്കാൻ പരമാവധി ഭരണകക്ഷി പരിശ്രമിച്ചു. എന്നാൽ കോൺഗ്രസ് പരമാവധി പ്രാദേശിക തലത്തിലാക്കാനും നോക്കി. വോട്ടിങ് വലിയ തോതിൽ കൂടിയിട്ടും സ്വന്തം വോട്ടുവിഹിതം വർധിപ്പിക്കാൻ ബി.ജെ.പിക്കാകാതിരുന്നതിനാൽ സീറ്റുകളിൽ വൻ ഇടിവുണ്ടായി. മന്ത്രിമാർക്കെതിരെ ഭരണവിരുദ്ധ വികാരം ആശങ്കപ്പെടുത്തേണ്ട കാര്യമാണെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ ബി.ജെ.പിക്ക് പറ്റിയ ഏറ്റവും നല്ല സന്ദർഭമാണിതെന്നും ലേഖനം ഓർമിപ്പിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എല്ലാ വകുപ്പുകളുടെയും മന്ത്രിമാരുടെയും അധികാരങ്ങളും കേന്ദ്രീകരിച്ചത് ‘ഓർഗനൈസറി’ലെ വലതുപക്ഷ കോളമിസ്റ്റ് ഹരിശങ്കർ വ്യാസ് ചോദ്യംചെയ്തു. ഇന്ത്യയിലിപ്പോൾ പി.എം (പ്രധാനമന്ത്രി), സി.എം (മുഖ്യമന്ത്രി), ഡി.എം (ജില്ല മജിസ്ട്രേറ്റ്) എന്നീ മൂന്ന് പദവികളേ കേൾക്കാനുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ തുറന്നുസംസാരിക്കാൻ കഴിയുമായിരുന്ന കേന്ദ്രമന്ത്രിമാർക്ക് ഇപ്പോൾ അതിന് കഴിയാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചുരുങ്ങിയത് മന്ത്രിമാർക്ക് തങ്ങളുടെ മന്ത്രാലയം നടത്താനുള്ള അവകാശമെങ്കിലും വകവെച്ചുകൊടുക്കണമെന്ന് വ്യാസ് ആവശ്യപ്പെട്ടു.
സംസ്ഥാന തലസ്ഥാനങ്ങളുടെയും എല്ലാ കേന്ദ്ര മന്ത്രാലയങ്ങളുടെയും നടത്തിപ്പ് ഡൽഹിയിലെ ഒരേയൊരു ഓഫിസിൽനിന്നാണ്. എല്ലാ ആസൂത്രണങ്ങളും നടക്കുന്നത് അവിടെയാണ്. അധികാരകേന്ദ്രീകരണത്തിന്റെ വിനാശം പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് തുടങ്ങിയിരിക്കുകയാണ്. നേരത്തേയും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രധാനമായിരുന്നുവെങ്കിലും ഏകോപനമായിരുന്നു പണി. മന്ത്രാലയങ്ങളൊക്കെ വ്യത്യസ്ത മന്ത്രാലയങ്ങളായിരുന്നു. അതിന് മുന്നോട്ടുപോകാനുള്ള സഹായമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയിരുന്നത്.
എന്നാൽ, ഇന്ന് ‘ഗംഗ’ വിപരീത ദിശയിലാണൊഴുകുന്നത്. മന്ത്രിമാർ അവരവരുടെ വകുപ്പുകളിലിരിക്കണം. നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും കാബിനറ്റ് സെക്രട്ടേറിയറ്റിൽനിന്നും വരും. എല്ലാ ആസൂത്രണങ്ങളും തീരുമാനങ്ങളും ഫണ്ട് അനുവദിക്കുന്നതും അവിടെനിന്നാണ്. എന്നിട്ട് അവ നടപ്പാക്കാനായി രേഖകൾ മന്ത്രാലയങ്ങളിലേക്ക് അയച്ചുകൊടുക്കുകയാണിപ്പോൾ ചെയ്യുന്നത് എന്നും വ്യാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.