ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും പൈശാചിക രൂപം പ്രാപിച്ചിരിക്കുകയാണെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക അസമത്വം എന്നിങ്ങനെ പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന വെല്ലുവിളികൾ അതുപോലെ തന്നെ തുടരുകയാണെന്ന് ഹൊസബലെ പറഞ്ഞു. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവെങ്കിലും ഇതിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'സ്വയം പര്യപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സമീപകാലത്ത് സാമ്പത്തിക മേഖലയിൽ വലിയ വിജയം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നും ചില പ്രശ്നങ്ങളിൽ അടിയന്തരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദാരിദ്ര്യം ദുഷ്ടശക്തിയെ പോലെ നിലനിൽക്കുകയാണ്. അതിനാണ് പെട്ടെന്ന് പരിഹാരം കാണേണ്ടത്' -ദത്താത്രേയ പറഞ്ഞു.
'രാജ്യത്ത് 20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് വളരെ അധികം നിരാശപ്പെടുത്തുന്ന കാര്യമാണ്. 23 കോടിയോളം ജനങ്ങളുടെ പ്രതിദിന വരുമാനം എന്നത് വെറും 375 രൂപയിൽ താഴെയാണ്. ജൂണിൽ പ്രസിദ്ധീകരിച്ച ലേബർ ഫോഴ്സ് സർവ്വേ കണക്കുകൾ പ്രകാരം രാജ്യത്ത് നാല് കോടി ജനങ്ങൾ തൊഴിലില്ലാത്തവരാണ്. തൊഴിലില്ലായ്മ നിരക്ക് ആകട്ടെ 7.6 ശതമാനമാണ്' -അദ്ദേഹം പറഞ്ഞു. സ്വദേശി ജാഗരൺ മഞ്ചിന്റെ സ്വാശ്രയ ഭാരതം എന്ന ആശയത്തിലൂന്നിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.