ന്യൂഡൽഹി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ മതപരിവർത്തനത്തിന് ധനസഹായം നൽകുന്നുവെന്ന് ആരോപിച്ച് ആർ.എസ്.എസ്. ഇക്കാര്യം ഉന്നയിക്കുന്ന 'അമേസിങ് ക്രോസ് കണക്ഷൻ' എന്ന പേരിലെ കവർ സ്റ്റോറിയാണ് ആർ.എസ്.എസ് മുഖപത്രമായ ദി ഓർഗനൈസറിന്‍റെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച് എന്ന സംഘടനയുമായി ആമസോണിന് ബന്ധമുണ്ട്. അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ചിന്‍റെ നിയന്ത്രണത്തിലുള്ള ആൾ ഇന്ത്യ മിഷൻ എന്ന സംഘം വടക്കുകിഴക്കൻ മേഖലയിൽ 25,000 പേരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നും ലേഖനത്തിൽ ആരോപിക്കുന്നു. മിഷനറി പരിവർത്തന ദൗത്യത്തിന് ധനസഹായം നൽകാൻ മൾട്ടിനാഷണൽ കമ്പനികളും അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ചും കള്ളപ്പണം വെളുപ്പിക്കൽ നടത്താൻ സാധ്യതയുണ്ടെന്നും ലേഖനം പറയുന്നു.
അതേസമയം, ഓർഗനൈസറിലെ ആരോപണം ആമസോൺ നിഷേധിച്ചു. ആൾ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്ന് കമ്പനി പ്രതികരിച്ചു. ആമസോൺ സ്‌മൈൽ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലാഭേച്ഛയില്ലാത്ത ചാരിറ്റി സംഘടനകൾക്ക് സംഭാവന ചെയ്യാം. ആമസോൺ സ്‌മൈൽ പദ്ധതിയിൽ പങ്കെടുക്കുന്ന ചാരിറ്റി സംഘടനയുടെയും വീക്ഷണങ്ങളെ തങ്ങൾ പിന്തുണക്കുന്നില്ലെന്നും കമ്പനി പറയുന്നു.
നേരത്തെ, കുട്ടികളെ മതപരിവർത്തനം നടത്തുന്ന സംഘടനക്ക് ആമസോൺ ഇന്ത്യ ധന സഹായം നൽകിയെന്ന പരാതിയിൽ ദേശീയ ബാലാവകാശ സംരക്ഷണ ആമസോൺ ഇന്ത്യയുടെ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും രാജ്യത്തെ മേധാവിയുമായ അമിത് അഗർവാളിന് സമൻസ് അയച്ചിരുന്നു. പ്രസ്തുത സംഘടന നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാരോപിച്ച് അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറം ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.