ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽനിന്ന് 2002ൽ ഗുജറാത്തിൽ നടന്ന കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതടക്കമുള്ള ഭാഗങ്ങൾ നീക്കംചെയ്യണമെന്ന് എൻ.സി.ആർ.ടിയോട് ആർ.എസ്.എസ് ചിന്തകൻ ദിനാഥ് ബാത്ര. മുഗൾ ചക്രവർത്തിമാരെ പ്രകീർത്തിക്കുന്ന ഭാഗങ്ങളും അറബി, ഉർദു, ഇംഗ്ലീഷ് പദങ്ങളും നീക്കംചെയ്യണമെന്നും എൻ.സി.ആർ.ടിക്ക് അയച്ച അഞ്ചു പേജുള്ള കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ചരിത്രപുസ്തകങ്ങളിൽ ശിവജി, മഹാറാണ പ്രതാഭ്, വിവേകാനന്ദ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരെ കൂടുതൽ സ്ഥലങ്ങളിൽ കാണാനില്ല. കുട്ടികളെ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് അവരിൽ നിരുത്സാഹമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി സർവകലാശാല സിലബസിൽ നിന്ന് എ.കെ. രാമാനുജെൻറ ലേഖനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദിനാഥ് ബാത്ര നേരത്തേ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു.
‘മുസ്ലിംകൾക്കെതിരെ നടന്ന ഗുജറാത്ത് കലാപം’ എന്ന തലക്കെട്ടിൽനിന്ന് മുസ്ലിംകൾക്കെതിരെ എന്ന ഭാഗം 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് നീക്കംചെയ്യാൻ കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന എൻ.സി.ആർ.ടി യോഗത്തിൽ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.