നോട്ട് പ്രതിസന്ധി: നടപടി നിര്‍ദേശിക്കാന്‍  മുഖ്യമന്ത്രിമാരുടെ അഞ്ചംഗ സമിതി 

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര നടപടി നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചു. നോട്ട് രഹിത പണമിടപാടിന്‍െറ കാര്യത്തിലും സമിതി നിര്‍ദേശം മുന്നോട്ടുവെക്കും.
സാമ്പത്തികരംഗത്തെ സ്ഥിതി സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമിതിക്ക് നേതൃത്വം നല്‍കിയേക്കും. അദ്ദേഹവുമായും നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫോണില്‍ സംസാരിച്ചിരുന്നു. മറ്റ് അംഗങ്ങള്‍ ആരൊക്കെയാണെന്നും അന്തിമമായി തീരുമാനിച്ചിട്ടില്ല. 

നവംബര്‍ എട്ടിനാണ് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ തുറന്നതു മുതല്‍ ബാങ്കിനും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ദിനേന കാണുന്ന നീണ്ട ക്യൂ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച നടപടികള്‍കൊണ്ട് സാധിച്ചിട്ടില്ല. ശമ്പളദിനങ്ങള്‍ അടുത്തുവരുന്നതോടെ  പ്രതിസന്ധി മറ്റൊരു തലത്തിലേക്ക് കടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് പഠനസമിതി. തിങ്കളാഴ്ച അഖിലേന്ത്യാ തലത്തില്‍ നടന്ന പ്രതിഷേധ സമരപരിപാടികള്‍ക്കു പിന്നാലെയാണ് പഠനസമിതി സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. മുഖ്യമന്ത്രിമാരുടെ സമിതി കണ്ണില്‍പൊടിയിടല്‍ മാത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ ഡറിക് ഒബ്രിയന്‍ എം.പി കുറ്റപ്പെടുത്തി.നോട്ട് അസാധുവാക്കല്‍ പദ്ധതിയാകെ പരാജയമായെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മോദിയുടെ ഈഗോ രാജ്യത്തെയാകെ ദുരിതത്തിലേക്കു തള്ളിവിടുകയും സാമ്പത്തികരംഗം 20 ദിവസം കൊണ്ട് ഒരു പതിറ്റാണ്ടു പിന്നാക്കം പോവുകയുമാണ് ചെയ്തത്. അഴിമതി പത്തിരട്ടിയായി. പുതിയ 2,000 രൂപ നോട്ട് കോഴ വാങ്ങുന്ന പല സംഭവങ്ങളായി. കോഴവാങ്ങുന്നതും കൊടുക്കുന്നതും എളുപ്പമാക്കുകയാണ് മോദി ചെയ്തതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. 

നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെട്ടേക്കുമെന്ന് കേന്ദ്രസര്‍ക്കാറിന്‍െറ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പറഞ്ഞു. നടപ്പാക്കിയ രീതി ശരിയായില്ല. ഉദ്ദേശ്യം നേടാനാവാത്ത സാഹചര്യത്തില്‍ അത് പരാജയപ്പെടും. സാധാരണക്കാരെയാണ് നോട്ട് അസാധുവാക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും, സാമ്പത്തിക വളര്‍ച്ചക്ക് ദോഷം ചെയ്യുമെന്നും ബസു വിലയിരുത്തി. 

 
Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.