നോട്ട്​ അസാധുവാക്കൽ: പാഴ്​വേലയെന്ന് ചിദംബരം

ന്യൂഡല്‍ഹി: മുന്തിയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുകയും പകരം അതിനേക്കാള്‍ മുന്തിയ നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പാഴ്​വേലയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ 2000 രൂപ നോട്ടുകൂടി പുതുതായി ഇറക്കുന്നതുകൊണ്ട് ഏതു ലക്ഷ്യമാണ് നേടാന്‍ പോകുന്നതെന്ന് ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

കള്ളപ്പണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തെ പിന്തുണക്കുന്നു. എന്നാല്‍, ലക്ഷ്യം നേടാന്‍ ഈ നടപടി സഹായിക്കുമോ എന്നതാണ് പ്രധാനം. കള്ളപ്പണം രൊക്കം പണമായി സൂക്ഷിക്കുന്നതൊക്കെ പണ്ടത്തെ രീതിയാണ്. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയവയിലൊക്കെയാണ് അത് നിക്ഷേപിക്കപ്പെടുന്നത്.

നോട്ട് അസാധുവാക്കല്‍ വഴിയുള്ള സാമ്പത്തികനേട്ടം പരിമിതമാണ്. ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം ഒട്ടേറെ. പുതിയ സീരീസ് നോട്ടുകള്‍ ഇറക്കാന്‍ ചെലവ് കണക്കാക്കുന്നത് 20,000 കോടി രൂപ വരെയാണ്. അസാധുവാക്കുന്നതുകൊണ്ടുള്ള സാമ്പത്തികനേട്ടവും ഏതാണ്ട് അത്രതന്നെ.  
നോട്ട് മാറ്റിക്കിട്ടാനുള്ള പ്രയാസം സാധാരണക്കാരെയും പാവങ്ങളെയും കര്‍ഷകരെയും ദിവസക്കൂലിക്കാരെയുമൊക്കയാണ് ദോഷകരമായി ബാധിക്കുക.
പ്രചാരത്തിലുള്ള എല്ലാ നോട്ടുകളുടെയും കാര്യമെടുത്താല്‍ 500, 1000 രൂപ നോട്ടുകള്‍ അതിന്‍െറ 86 ശതമാനം വരും.

അസാധുവായ നോട്ട് ബാങ്കില്‍ തിരിച്ചേല്‍പിച്ചാല്‍ പകരം കൊടുക്കണം. എന്നാല്‍, 100 മുതല്‍ താഴോട്ടുള്ള കറന്‍സികള്‍ അതിന് ആനുപാതികമായി ഇറക്കിയിട്ടില്ളെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 40 വര്‍ഷം മുമ്പ് 500 രൂപ നോട്ട് മുന്തിയ കറന്‍സിയായിരുന്നു. നാണയപ്പെരുപ്പം കണക്കിലെടുത്താല്‍, ഇന്ന് അങ്ങനെ കാണാനാവില്ല.  മിക്കവാറും 500 രൂപ നോട്ടുകള്‍ നിയമാനുസൃതം ഇത്തരത്തില്‍ വിനിമയം ചെയ്യുന്നുണ്ടെങ്കില്‍, ഇത്തരമൊരു വിപുലമായ നടപടിയുടെ ആവശ്യമുണ്ടായിരുന്നില്ളെന്നും ചിദംബരം പറഞ്ഞു.

 

Tags:    
News Summary - rupee emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.