ശ്രീനഗർ: ജമ്മു-കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ പൗരൻ മരിച്ചു. ഇവിടെ സ്കീയിങ് വിനോദത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപെട്ടത്. പ്രാദേശിക ടൂറിസ്റ്റ് ഗൈഡ് ഉൾപ്പെടെ ഏഴുപേരെ സൈന്യവും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. അഫർവത് പ്രദേശത്തെ ഖിലൻ മാർഗിൽ ഉച്ച രണ്ടുമണിയോടെയാണ് ഹിമപാതമുണ്ടായത്.
ഏഴംഗ റഷ്യൻ സംഘം ഗൈഡിനൊപ്പം സ്കീയിങ് അനുമതിയില്ലാത്ത ആർമി റിഡ്ജ് പ്രദേശത്ത് എത്തുകയായിരുന്നു. ഇത് ഹിമപാത സാധ്യത പ്രദേശമാണ്. ഇവിടെ ഹിമപാതമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു. ഇത് ടൂറിസ്റ്റുകൾ അവഗണിക്കുകയായിരുന്നു.
മോസ്കോയിൽനിന്നുള്ള ഹാന്റൺ ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സബ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയവർക്ക് പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ നൽകി. ഒരാളെ ശ്രീനഗറിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. അപകടം ഗുൽമാർഗിൽ നടക്കുന്ന ഖേലോ ഇന്ത്യ വിന്റർ ഗെയിംസിനെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.