പനാജി: കോൺഗ്രസ് നേതാക്കൾ തന്നെ ഗോവയിലെ സഖ്യശ്രമങ്ങൾ അട്ടിമറിച്ചുവെന്നാരോപിച്ച് ദ്വിഗ് വിജയ് സിങ് . ഗോവയിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിൽ കുടത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് തന്‍റെ സഹപ്രവർത്തകർക്കെതിരെ ട്വിറ്ററിലൂടെഅട്ടിമറി ആരോപണവുമായി ജനറൽ സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഗോവ ഫോർവേഡ് പാർട്ടിയുമായി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സഖ്യമുണ്ടാക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും ഇത് സഹപ്രവർത്തകർ അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സഖ്യം യാഥാർഥ്യമായിരുന്നുവെങ്കിൽ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ കഴിഞ്ഞേനെ. എന്നാൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ തന്നെ വില്ലനാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് വൈകിപ്പോയി എന്നാണ് വിമർശനം. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും ഇപ്പോഴും ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല. 11നാണ് ഫലം വന്നത്.
പഞ്ചാബിൽ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത് 13നാണ്. ഗോവയിലും മണിപ്പൂരിലും 12നും. മണിപ്പൂരിൽ ഒരു മുൻമുഖ്യമന്ത്രി മാത്രമാണ് എം.എൽ.എയായി വിജയിച്ചത്. എന്നാൽ ഗോവയിൽ നാല് മുൻമുഖ്യമന്ത്രിമാർ എം.എൽ.മാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടും 12ന് തന്നെ നേതാവിനെ തെരഞ്ഞെടുക്കാനായി എന്നും സിങ് ട്വീറ്റ് ചെയ്തു.
ഭൂരിപക്ഷം ലഭിച്ചിട്ടും ഗോവയിൽ കോൺഗ്രസിന് ഭരിക്കാൻ കഴിയാത്തതിൽ അണികൾക്കിടയിലും നേതാക്കൾക്കിടയിലും വലിയ അമർഷമാണുള്ളത്. ഇതിൽ പ്രതിഷേധിച്ച് രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദ്വിഗ് വിജയ് സിങ് തന്‍റെ വാദങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.