കാറിൽ നിന്നിറങ്ങാതെ അലമുറയിട്ട് അർപിത, നാടകീയ രംഗങ്ങൾ; തൂക്കിയെടുത്ത് ഉദ്യോഗസ്ഥർ

കൊൽക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അർപിത മുഖര്‍ജിയെ ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോളുണ്ടായത് നാടകീയ രംഗങ്ങൾ. കാറിൽ നിന്നിറങ്ങാൻ തയാറാകാതിരുന്ന അർപിത അലമുറയിട്ട് കരയുകയായിരുന്നു.

രണ്ടുദിവസം കൂടുമ്പോൾ അർപിതയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഇ.ഡി ഉദ്യോഗസ്ഥർ പ്രതിയെയും കൊണ്ട് കൊൽക്കത്ത ജോകയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയത്. എന്നാൽ, ആശുപത്രിയിലെത്തി വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതും നടിയുടെ ഭാവം മാറി. അലമുറയിട്ട് കരഞ്ഞ അർപിത കാറിൽ നിന്നിറങ്ങാൻ തയാറായില്ല.


പ്രതിഷേധിക്കുകയും താൻ പരിശോധനക്ക് വരില്ലെന്ന് പറയുകയും ചെയ്തതോടെ ആശുപത്രി സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് അർപിതയെ പൊക്കിയെടുത്ത് വീൽചെയറിലാക്കി പരിശോധനക്ക് കൊണ്ടുപോവുകയായിരുന്നു.

അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തായ അർപിതയുടെ ആഡംബര ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപ പിടിച്ചെടുത്തിരുന്നു. അർപിത മുഖര്‍ജിയുടെ നാല് കാറുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അർപിതയുടെ കാണാതായ നാല് ആഡംബര കാറുകൾക്കായി ഇ.ഡി തിരച്ചിൽ തുടരുകയാണ്. ഓഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സി.ആർ.വി, മെഴ്സിഡസ് ബെൻസ് എന്നീ കാറുകളാണ് കാണാതായത്. ഈ കാറുകളിൽ നിറയെ പണമായിരുന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. 30 കാരിയായ മോഡലും നടിയുമായ അര്‍പിതക്ക് നിരവധി ഫ്‌ളാറ്റുകള്‍ സ്വന്തമായി ഉള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.


കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ഏരിയയിലെ ക്ലബ്ടൗണ്‍ ഹൈറ്റ്സില്‍ അര്‍പ്പിതയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ ഉണ്ട്. ഇതില്‍ ഒരു ഫ്‌ളാറ്റില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ 30 കോടി രൂപയും ആറ് കിലോയോളം സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Sacked Bengal Minister's Aide Arpita Mukherjee, Wailing, Refused To Exit Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.