ബംഗളൂരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് കർണാടക മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയോട് പാർട്ടി നേതൃത്വം നിർദേശിച്ചതായി മുതിർന്ന നേതാവും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബിഎസ് യെദ്യൂരപ്പ. ഗൗഡ ബി.ജെ.പി വിടുന്നുെവന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിന്മാറുന്നതായി ഇന്നലെ ഗൗഡ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരുന്നു.
മുൻ കേന്ദ്രമന്ത്രിയും നിലവിൽ ബംഗളൂരു നോർത്തിലെ ലോക്‌സഭാംഗവുമാണ് ഗൗഡ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താനടക്കം 13 സിറ്റിംഗ് ബി.ജെ.പി എം.പിമാർക്ക് ടിക്കറ്റ് ലഭിച്ചേക്കില്ല എന്ന പ്രചാരണം തിരുത്തണമെന്നാവശ്യപ്പെട്ട് ജൂണിൽ അദ്ദേഹം പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതിരുന്ന പാർട്ടിയുടെ നിലപാടിൽ അദ്ദേഹം നിരാശനായിരുന്നു.
കൂടാതെ, സംസ്ഥാന നേതാക്കളോട് ആലോചിക്കാതെ ജെഡിഎസുമായി സഖ്യം രൂപീകരിച്ചതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. ജെ.ഡി.എസ് സഖ്യത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സദാനന്ദ ഗൗഡ ബിജെപി വിടാൻ ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസിലേക്ക് ക്ഷണിച്ച് കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാർ സദാനന്ദ ഗൗഡയെ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു.
ബി.ജെ.പിയിൽ ഒരുകാലത്ത് ഉന്നതസ്ഥാനങ്ങൾ ലഭിച്ചിരുന്ന ഗൗഡ അടുത്തകാലത്ത് കടുത്ത അവഗണന നേരിട്ടിരുന്നു. മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പയെ അഴിമതിയാരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും നീക്കിയേതാടെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ലഭിച്ചത്. നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിസ്ഥാനവും ലഭിച്ചു. പിന്നീട് കേന്ദ്ര നിയമ-നീതി മന്ത്രിയായും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായും പ്രവർത്തിച്ചു. 2021 ജൂലൈയിൽ മന്ത്രിസഭയിൽനിന്ന് പുറത്തായി.
‘ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് പറഞ്ഞിട്ടുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുക്കും. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’ -യെദ്യൂരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.