ന്യൂഡൽഹി: ഇന്ത്യൻ മുസ്‍ലിംകൾ സ്വന്തം വിശ്വാസം കൊണ്ട് ഭയത്തിന്റെയും ഭീതിയുടെയും അന്തരീക്ഷത്തെ അതിജയിക്കുമെന്നും രാഷ്ട്രീയമായി ശക്തിയാർജിക്കുമെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അധ്യക്ഷൻ സആദത്തുല്ലാ ഹുസൈനി. പിശാചിന്റെ കൂട്ടാളികളെ ഭയക്കാതിരിക്കുകയും അല്ലാഹുവിനെ മാത്രം ഭയക്കുകയുമാണ് മുസ്‍ലിംകൾ അതിന് ചെയ്യേണ്ടതെന്നും ഹുസൈനി ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് 75ാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹി ‘മില്ലി മോഡൽ’ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജമാഅത്ത് അധ്യക്ഷൻ. ഇസ്‍ലാമിക സ്വത്വം കാത്തു സൂക്ഷിച്ച് ഇന്ത്യയിൽ ജീവിക്കാൻ സാധിക്കുമോ എന്ന അസ്തിത്വ പ്രതിസന്ധി നേരിട്ട സമയത്താണ് അലഹാബാദിൽ ഒരു കൂട്ടം മനുഷ്യർ ഒരുമിച്ചിരുന്ന് ഇസ്‍ലാമിക പ്രസ്ഥാനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തത്. ഇന്ന് അത് വളരെ ആയാസകരമായ തീരുമാനമായി തോന്നുമെങ്കിലും അന്ന് അത്തരമൊരു ഒരു തീരുമാനമെടുക്കാൻ അസാധാരണമായ ധൈര്യം ആവശ്യമായിരുന്നു. അതേ ധീരതയും ആർജവവും ഏഴര പതിറ്റാണ്ട് കഴിഞ്ഞ് 2023ൽ ഇന്ത്യൻ മുസ്‍ലിംകൾക്ക് വീണ്ടും ആവശ്യമായി വന്നിരിക്കുന്നു.
എല്ലാവരും ചോദിക്കുന്നത് നിലവിലുള്ള ഇന്ത്യൻ സാഹചര്യത്തിൽ നാം എന്തു ചെയ്യണമെന്നാണ്? അല്ലാഹുവിൽ വിശ്വാസമുള്ളവൻ ഒരാളെയും ഭയക്കുകയില്ല. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെ നോക്കണമെന്ന് ജമാഅത്ത് അഖിലേന്ത്യാ അധ്യക്ഷൻ ഇന്ത്യൻ മുസ്‍ലിംകളോട് ആവശ്യപ്പെട്ടു. പിശാചിന്റെ കൂട്ടാളികളാണ് നിങ്ങളുടെ മനസിൽ ഭയം നിറക്കുന്നതെന്നും അവരെ ഭയക്കാതെ എന്നെ മാത്രം ഭയക്കുന്നവരാകൂ എന്നുമാണ് ഖുർആനിലൂടെ അല്ലാഹു പറഞ്ഞത്.
രാജ്യത്ത് മുസ്‍ലിംകൾ ഇന്ന് ഏറ്റവും കൂടുതൽ തേടുന്നത് സമാധാനമാണ്. സമാധാനവും ജീവനും സ്വത്തിനും സംരക്ഷണവുമാണോ വേണ്ടത്, എങ്കിൽ വിശ്വാസത്തെ മുറുകെപ്പിടിക്കൂ എന്നാണ് ഖുർആൻ പറയുന്നത്. ഭൂമിയിൽ മുസ്‍ലിമിന് പ്രാതിനിധ്യം ലഭിക്കാനുള്ള ഒന്നാമത്തെ നിബന്ധയാണ് വിശ്വാസം. വിശ്വാസമുള്ളവന് ഭയത്തിന്റെയും ഭീതിയുടെയും അന്തരീക്ഷത്തിലും അല്ലാഹു സമാധാനം നൽകുമെന്നും ഹുസൈനി പറഞ്ഞു.
മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗം എസ്.ക്യൂ.ആർ ഇല്യാസ്, ജമാഅത്തെ ഇസ്‍ലാമി ഡൽഹി പ്രസിഡന്റ് അബ്ദുൽ വഹീദ്, എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സൽമാൻ ഖാൻ, ജമാഅത്തെ ഇസ്‍ലാമി ഡൽഹി വനിതാ അധ്യക്ഷ ഫാത്തിമ തൻവീർ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.