മുംബൈ: ‘അർബൻ നക്സൽ’ എന്ന സർക്കാർ വിശേഷണത്തിലെ ആദ്യ കേസാണ് ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ ഉൾപ്പെട്ട മാവോവാദി കേസ്. കേസിൽ ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് സായിബാബ അടക്കം ആറ് പേരെ കുറ്റമുക്തരാക്കുമ്പോൾ കേന്ദ്ര, മഹാരാഷ്ട്ര സർക്കാറുകൾക്ക് അത് തിരിച്ചടിയാണ്. ‘അർബൻ നക്സൽ’ എന്ന ഇല്ലാകഥയെ തുറന്നു കാട്ടുന്നതാണ് വിധി.
നേരത്തേ 2022 ൽ ജസ്റ്റിസ് രോഹിത് ദേവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു നാഗ്പുർ ബെഞ്ചും ഇവരെ കുറ്റമുക്തരാക്കിയിരുന്നു. കേസിന്റെ മെറിറ്റ് നോക്കിയില്ല, നിയമത്തിന്റെ സാങ്കേതികത മാത്രം നോക്കിയാണ് വിധിച്ചതെന്ന് പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ച മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന-ബിജെ.പി സർക്കാറിന് ആ വിധി മരിവിപ്പിക്കാനും പുനർവിചാരണക്ക് വഴിയൊരുക്കാനും കഴിഞ്ഞു.
സുപ്രീംകോടതി നിർദേശപ്രകാരം പുനർവിചാരണ കേട്ട ബെഞ്ചും സായിബാബ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയതോടെ സർക്കാറിന് ഇരുട്ടടിയായി.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ ഇത് സർക്കാറിന് തിരിച്ചടിയാണ്. യു.എ.പി.എ പ്രകാരമുള്ള വിചാരണയിലെ ചട്ടലംഘനത്തിനൊപ്പം കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പുതിയ വിധിയിൽ കോടതി പറയുന്നു. അന്നത്തെപോലെ ഇന്നും വിധിവന്ന് മണിക്കൂറുകൾക്കകം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
നക്സലുകൾക്കെതിരായ ‘ഓപറേഷൻ ഗ്രീൻ ഹണ്ടിനെ’ അടക്കം ശക്തമായി എതിർത്തുപോന്ന ആളാണ് ഡൽഹി സർവകലാശാലക്കു കീഴിലെ രാം ലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രഫസറായ സായിബാബ. 2014 ലാണ് ഗഡ്ചലറോളി പൊലീസ്, 90 ശതമാനവും അംഗവൈഗല്യമുള്ള വീൽചെയറിലായ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്.
സായിബാബക്കുവേണ്ടി കോടതിയിൽ വാദിക്കുന്നതിനിടെ അദ്ദേഹത്തിന്റെ അഭിഭാഷകൻ സുരേന്ദ്ര ഗ്ലിങ്ങിനെ ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റു ചെയ്തു. ആദിവാസി മേഖലകളിലും മറ്റും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശബ്ദിക്കുന്നവർക്ക് സഹായവും പിന്തുണയും ഇവർ ചെയ്യുന്നതായാണ് പറയുന്നത്. അംഗവൈകല്യവും മറ്റ് രോഗങ്ങളുമുള്ള സായിബാബക്ക് നാഗൂരിലെ ജയിൽ ജീവിതം അങ്ങേയറ്റം ദുസ്സഹമായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
2013ൽ സർവിസിൽനിന്ന് സായിബാബയെ സസ്പെൻഡ് ചെയ്ത കോളജ് 2021 ൽ പിരിച്ചുവിടുകയും ചെയ്തു. 2017 ൽ ഗഡ്ചിറോളി കോടതി സായിബാബ അടക്കം അഞ്ച് പേർക്ക് ജീവപര്യന്തവും ഒരാൾക്ക് പത്ത് വർഷം തടവും വിധിച്ചെതിനെതിരായ അപ്പീലിലാണ് ഹൈകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.