ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ട മണ്ഡലത്തിൽ ബി.ജെ.പിക്ക് തോൽവി. ഇതിനു പുറമെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വർഗീയ പ്രകടനം നടത്തിയ നിരവധി ബി.ജെ.പി സ്ഥാനാർഥികളെയും ജനം തോൽപ്പിച്ചു വിട്ടു. പള്ളികൾക്ക് നേരെ പ്രതീകാത്കമായി അമ്പെയ്ത് അനുയായികളെ ആവേശം കൊളളിച്ച ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥി മാധവി ലത മൂന്നു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയോട് തോറ്റത്.
സംഘ്പരിവാർ സൈബർ ഇടങ്ങളിൽ വൈറലായ മാധവി ലതയുടെ അമ്പെയ്ത്ത് അനുകരിച്ച നവ്നീത് കൗർ റാണ അമരാവതിയിൽ കോൺഗ്രസിലെ ബൽവന്ത് ബസ്വന്ത് വാങ്കഡേയോട് തോറ്റു. അടിമുടി വർഗീയ വിദ്വേഷ പ്രസംഗങ്ങളുമായി പ്രചാരണം നടത്തിയ കേരള ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ, തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ എന്നിവർക്കും കളം പിടിക്കാനായില്ല.
രാജ്യത്തിന്റെ സമ്പത്തിൽ ആദ്യ അവകാശം മുസ്‍ലിംകൾക്കാണെന്ന് കോൺഗ്രസ് പറയുന്നുവെന്നും അവർക്ക് അധികാരം ലഭിച്ചാൽ സഹോദരിമാരുടെ മംഗല്യസൂത്രം വരെ പിടിച്ചുപറിച്ച് കൂടുതൽ മക്കളുള്ള നുഴഞ്ഞു കയറ്റക്കാർക്ക് കൊടുക്കുമെന്നും പറഞ്ഞ് ഈ തെരഞ്ഞെടുപ്പ് വേളയിൽ വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട രാജസ്ഥാനിലെ ബൻസ്‍വാഡയിൽ ബി.ജെ.പിയിലെ മഹേന്ദ്രജിത്ത് സിങ് മാളവ്യ കോൺഗ്രസ് പിന്തുണയുള്ള ഭാരത് ആദിവാസി പാർട്ടി സ്ഥാനാർഥി രാജ്കുമാർ റോത്തിനോട് 24,7054 വോട്ടുകൾക്കാണ് തോറ്റത്.
നിങ്ങളുടെ വീട്ടിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന രണ്ട് പത്തായങ്ങളുണ്ടെങ്കിൽ അവർ ഒന്ന് പിടിച്ചെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്നും മുസ്‍ലിംകൾക്കാണ് രാജ്യത്തിന്റെ സ്വത്തിൽ പ്രഥമ അധികാരമെന്ന് മൻമോഹൻ സിങ് പണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച രാജസ്ഥാനിലെ ടോങ്ക് സവായ് മാധേപൂരിലും ബി.ജെ.പി തോൽവിയറിഞ്ഞു. ഇവിടെ കോൺഗ്രസിലെ ഹരീഷ് മീനയാണ് ബി.ജെ.പി സ്ഥാനാർഥി സുഖ്ബീർ സിങ് ജോൻപുരിയയെ തോൽപ്പിച്ചത്.
സമാജ്‍വാദി-കോൺഗ്രസ് കൂട്ടുകെട്ടിന് ഭരണം കിട്ടിയാൽ അവർ രാംലല്ലയെ വീണ്ടും ടെന്റിലേക്കയച്ച് രാമക്ഷേത്രത്തിന് ബുൾഡോസർ വെക്കുമെന്ന് മോദി പ്രസംഗിച്ച യു.പിയിലെ ബാരാബങ്കിയിൽ കോൺഗ്രസിലെ തനൂജ് പുനിയ ബി.ജെ.പി സ്ഥാനാർഥി രാജ്റാണി റാവത്തിനെ ഒന്നേ മുക്കാൽ ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
അമിത്ഷാ ഉൾപ്പെടെ പല മുതിർന്ന നേതാക്കളും വർഗീയത പ്രസംഗിച്ച യു.പിയിലെ മണ്ഡലങ്ങളും ബി.ജെ.പിയെ കൈവിട്ടു. വർഗീയ-വിദ്വേഷ പ്രചാരണം അതിശക്തമായിരുന്ന അലീഗഢ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബി.എസ്.പി സ്ഥാനാർഥികൾ വോട്ടു ഭിന്നിപ്പിച്ചതു കൊണ്ടു മാത്രമാണ് ബി.ജെ.പിക്ക് ജയിച്ചു കയറാനായത്. എന്നാൽ, ബിഹാർ, അസം, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്വേഷ പ്രചാരണം വലിയ തോതിൽ ബി.ജെ.പിക്ക് വോട്ടായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.