വഡോദര: ഗുജറാത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ച് രണ്ടു മണിക്കൂറിന് ശേഷം ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. 30 കാരൻ ജിഗ്നേഷ് സോളങ്കിയാണ് മരിച്ചത്. ഇയാൾ 2016 മുതൽ ഹൃദ്രോഗിയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഞായറാഴ്ച വാക്സിൻ സ്വീകരിച്ച ശേഷമാണ് വഡോദര മുനിസിപ്പൽ കോർപറേഷനിലെ ജീവനക്കാരനായ ജിഗ്നേഷ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
വാക്സിൻ സ്വീകരിച്ചതിനെ തുടർന്നാണ് ജിഗ്നേഷ് മരിച്ചതെന്ന് കുടുംബം പറഞ്ഞു. ഭർത്താവ് വാക്സിൻ സ്വീകരിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും മകളുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഭാര്യ ദിവ്യ പറഞ്ഞു.
അതേസമയം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും 2016 മുതൽ ഇദ്ദേഹം ഹൃദ്രോഗിയാണെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. അദ്ദേഹത്തിന് വാക്സിൻ സ്വീകരിച്ചതിന് ശേഷം പാർശ്വഫലങ്ങളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഹൃദ്രോഗിയാണെന്ന വിവരം ജിഗ്നേഷ് വെളിപ്പെടുത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.