മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തിൽ താരത്തോട് സഹതാപം തോന്നുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ചിലർ വോട്ട് തരും ചിലർ അടി തരും. കങ്കണയോട് സഹതാപം തോന്നുന്നു. എം.പിമാർ ആക്രമിക്കപ്പെടേണ്ടവരല്ലെന്നും കർഷകർ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും റാവത്ത് പറഞ്ഞു.
"ചിലർ വോട്ട് തരും ചിലർ അടി തരും. ശരിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സമരത്തിൽ അവരുടെ അമ്മയുമുണ്ടായിരുന്നുവെന്ന് കോൺസ്റ്റബിൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കും. അവരുടെ അമ്മ സമരത്തിലുണ്ടാവുകയും അതിനെ കുറിച്ച് ആരെങ്കിലും തെറ്റായി എന്തെങ്കിലും പറഞ്ഞാൽ സ്വാഭാവികമായും ദേഷ്യം വരും.
നിയമമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെങ്കിൽ നിയമം കയ്യിലെടുക്കരുത്. കർഷക സമരത്തിൽ പങ്കെടുത്തവർ രഇന്ത്യയുടെ മക്കളാണ്. ആരെങ്കിലും ഒരാൾ ഭാരതമാതാവിനെ അവഹേളിക്കുകയും അതിൽ ഒരാൾക്ക് അതൃപ്തിയുണ്ടാകുകയും ചെയ്താൽ ആ വിഷയം പരിഗണിക്കേണ്ടതാണ്. കങ്കണയോട് എനിക്ക് സഹതാപമുണ്ട്. അവർ ഇപ്പോൾ ഒരു എം.പിയാണ്. എം.പി ആക്രമിക്കപ്പെടേണ്ട വ്യക്തിയല്ല, കർഷകർ ബഹുമാനിക്കപ്പെടേണ്ടവരുമാണ്", സഞ്ജയ് റാവത്ത് പറയുന്നു.
അതേസമയം കങ്കണ റണാവത്തിൻറെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുൽവിന്ദർ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗർ മർദിച്ചത്.
കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുൽവിന്ദർ കൗറിൻറെ മാതാവും പങ്കെടുത്തിരുന്നു. 100 രൂപക്കുവേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.
മണ്ഡി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് 74,755 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യസിങ്ങിനെ കങ്കണ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.