ഉദയനിധി സ്റ്റാലിൻ

'സനാതന'ത്തിലുറച്ച് ഉദയനിധി; 'രാമക്ഷേത്ര പ്രതിഷ്ഠയിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കാത്തത് മോദി ഒ.ബി.സിക്കാരനായതിനാൽ'

ചെന്നൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സി വിഭാഗക്കാരനായതുകൊണ്ടാണെന്ന് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തിലെ വിവേചനങ്ങളെ കുറിച്ച് താൻ പറഞ്ഞത് ശരിവെക്കുന്നതാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ചെന്നൈയിൽ ഡി.എം.കെയുടെ ബൂത്ത് ഏജന്‍റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.

രാമക്ഷേത്ര ചടങ്ങിലേക്ക് ബി.ജെ.പി സർക്കാർ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിച്ചില്ല. അവർ ഒരു വിധവയും ഗോത്രവിഭാഗത്തിൽ നിന്നുള്ള വ്യക്തിയുമായതിനാലാണത്. സനാതന ധർമത്തിലെ വിവേചനങ്ങളെ കുറിച്ച് നാല് മാസം മുമ്പ് ഞാൻ പറഞ്ഞതാണ്. അതിന്‍റെ പേരിൽ ഒരു മാപ്പും പറയാനില്ല. ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്. എല്ലാവരും തുല്യരാവണമെന്നാണ് ഞാൻ പറഞ്ഞത് -ഉദയനിധി വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറത്തിന്‍റെ പരിപാടിയിൽ സംസാരിക്കവേ സനാതന ധർമത്തിനെതിരെ ഉദയനിധി നടത്തിയ പ്രസ്താവന സംഘ്പരിവാർ കേന്ദ്രങ്ങൾ വിവാദമാക്കിയിരുന്നു. സനാതന ധർമത്തെ തുടച്ചുനീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

'സനാതന ധർമത്തെ എതിർക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടത്' എന്നായിരുന്നു പ്രസ്താവന. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തുകയും വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തന്‍റെ പ്രസ്താവന പിൻവലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്നാണ് ഉദയനിധിയുടെ നിലപാട്. 

Tags:    
News Summary - Sankaracharyas skipped Ram temple event over PM Modi’s OBC status: Udhayanidhi Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.