ന്യൂഡൽഹി: ശശികലക്ക് മുഖ്യമന്ത്രി പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സുപ്രീംകോടതി വിധി. 65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയുമാണ് വിചാരണക്കോടതി നേരത്തെ വിധിച്ച ശിക്ഷ. ശശികലയോട് ഉടൻ തന്നെ കീഴടങ്ങാനും പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ബംഗളുരു കോടതിയിൽ കീഴടങ്ങാനാണ് നിർദേശം.
അനധികൃത സ്വത്ത് സമ്പാദനക്കേസ് ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ് എന്നും കോടതി നിരീക്ഷിച്ചു. ഇത് ആദായനികുതിക്കേസാണ് എന്നായിരുന്നു പ്രതികളെ വെറുതെ വിട്ട കർണാടക ഹൈകോടതിയുടെ നിരീക്ഷണം. കർണാടക ഹൈകോടതിയുടെ വിധി പൂർണമായും റദ്ദാക്കിയതായും കോടതി വ്യക്തമാക്കി. 10 വർഷത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ശശികല ജയലളിതയുടെ ബിനാമിയാണെന്ന വാദവും സുപ്രീംകോടതി ശരിവെച്ചു. ശശികലയോടൊപ്പം മറ്റു പ്രതികളായ ജയയുടെ വളർത്തുമകനായിരുന്ന വി.എൻ. സുധാകരൻ, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും വിചാരണക്കോടതി വിധിച്ച ശിക്ഷ അനുഭവിക്കണം.
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതികൾക്ക് നാലു വർഷം തടവും പിഴയും ബംഗളൂരുവിലെ വിചാരണ കോടതി 2014ൽ വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വർഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടക്കണം. 2015ൽ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ കർണാടക സർക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നത്. അതേസമയം, ബംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണക്കോടതി വിധിയനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചതിനാൽ ബാക്കി തടവാണ് പ്രതികൾക്ക് അനുഭവിക്കേണ്ടി വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.