ശശികലയും കൂട്ടുപ്രതികളും പരപ്പന അഗ്രഹാര ജയിലില്‍

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെയും കൂട്ടുപ്രതികളെയും ജയിലിലടച്ചു. ബുധനാഴ്ച വൈകീട്ട് 5.15ഓടെ ശശികലയും മൂത്ത സഹോദരന്‍െറ ഭാര്യ ജെ. ഇളവരശിയുമാണ് കീഴടങ്ങാന്‍ പരപ്പന അഗ്രഹാരയിലെ കോടതിയില്‍ ആദ്യമത്തെിയത്. ജയില്‍ വളപ്പില്‍ സജ്ജമാക്കിയ പ്രത്യേക കോടതിയില്‍ നടപടി പൂര്‍ത്തിയാക്കി ജഡ്ജി ആശ്വത് നാരായണന്‍ ഇരുവരെയും ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പിന്നാലെ കേസിലെ നാലാംപ്രതി വി.എന്‍. സുധാകരനും കോടതിയിലത്തെി കീഴടങ്ങി.

കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാവിലെ അപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതി തള്ളിയതോടെയാണ് ബുധനാഴ്ച തന്നെ ബംഗളൂരുവിലെ വിചാരണ കോടതിയിലത്തെി കീഴടങ്ങിയത്. ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗമാണ് ശശികല അനുയായികള്‍ക്കൊപ്പം ബംഗളൂരുവിലത്തെിയത്. ബംഗളൂരുവില്‍ എയറോ ഷോ നടക്കുന്നതിനാല്‍ വിമാനം ലഭ്യമല്ലായിരുന്നു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ഭര്‍ത്താവ് എം. നടരാജന്‍ എന്നിവരും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ഈ സമയം കോടതിയിലുണ്ടായിരുന്നത്.

അണ്ണാ ഡി.എം.കെയുടെ എം.എല്‍.എമാരോ, എം.പിമാരോ എത്തിയില്ല. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നാല് അകമ്പടി വാഹനങ്ങള്‍ മാത്രമാണ് ജയില്‍ വളപ്പിലേക്ക് കടത്തിവിട്ടത്. 2014 സെപ്റ്റംബറില്‍ വിചാരണ കോടതി വിധിയെ തുടര്‍ന്ന് ജയലളിത കീഴടങ്ങാനത്തെുമ്പോള്‍ പാര്‍ട്ടിയിലെ മുഴുവന്‍ എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പരപ്പന അഗ്രഹാരയിലത്തെിയിരുന്നു. ഇതിനിടെ ശശികലയുടെ വാഹനവ്യൂഹത്തിനുനേരെ ഒരുവിഭാഗം ആക്രമണം നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജയലളിതയെ ഇല്ലാതാക്കിയത് ശശികലയാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു ആക്രമണം. ആറു വാഹനങ്ങള്‍ക്ക് കേടുപറ്റി.

ജയലളിത കീഴടങ്ങാനത്തെിയ കാറില്‍ തന്നെയായിരുന്നു ശശികലയുടെയും യാത്ര. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് കോടതി നടപടി ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍നിന്ന് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. നാലു വര്‍ഷം തടവും പത്തു കോടി രൂപ വീതം പിഴയും വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ച സുപ്രീംകോടതി മൂവരോടും ഉടന്‍ കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. 1991-96 കാലത്ത് ജയലളിത ആദ്യ മുഖ്യമന്ത്രിയായിരുന്ന സമയത്ത് 66.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിധി. നേരത്തേ ആറു മാസത്തോളം ശശികല തടവില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇനി മൂന്നര വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയാകും.

Tags:    
News Summary - sasikala natarajan in parappana agrahara jail in bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.