ന്യൂഡല്‍ഹി: ആശ്രമവാസിയായിരുന്ന വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഗുജറാത്തിലെ ആള്‍ദൈവം ആശാറാം ബാപ്പുവിെൻറ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. നാലുവർഷമായിട്ടും കേസിലെ ഇരയുടെ മൊഴിപോലും എടുക്കാത്തത് എന്തുകൊണ്ടാണെന്ന് പരമോന്നത കോടതി സര്‍ക്കാറിനോട് ചോദിച്ചു.
അന്വേഷണ പുരോഗതി വിശദമാക്കി ഉടൻ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ എൻ.വി. രാമണ്ണ, അമിതാവ റോയ് എന്നിവർ ആവശ്യപ്പെട്ടു. കേസിെൻറ തുടർവിചാരണ ദീപാവലിക്ക് ശേഷം ആരംഭിക്കാൻ നിർദേശിച്ച കോടതി, പരാതിക്കാരിയടക്കം 46 സാക്ഷികളുടെ മൊഴി ഉടൻ രേഖപ്പെടുത്താൻ സൂറത്തിലെ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗ കേസുകളാണ് ആശാറാം ബാപ്പുവിെൻറ പേരിലുള്ളത്. നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യത്തിന് സമീപിച്ചെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഹരജി തള്ളിയത്.
ആശ്രമത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന 16കാരി, ആശാറാം ബാപ്പു പീഡിപ്പിച്ചെന്ന് കാണിച്ച് 2013 ആഗസ്റ്റ് 20ന് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. രാജസ്ഥാനിലെ ജോധ്പുരിൽ മണായി ഗ്രാമത്തിലെ ഒരു ആശ്രമത്തിലായിരുന്നു സംഭവം. ഈ കേസ് നടന്നുകൊണ്ടിരിക്കെ അഹ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആശാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലായി.
പ്രോസിക്യൂഷൻ അനാവശ്യമായി വിചാരണ നീട്ടിക്കൊണ്ടുപോകുകയാണെന്നും രണ്ട് സാക്ഷികൾ മരിച്ചുപോയെന്നും ഒരാളെ കാണാതായെന്നും ചൂണ്ടിക്കാട്ടിയ കോടതി, 17 സാക്ഷികൾ വിവിധ സമയങ്ങളിലായി ആക്രമണത്തിന് ഇരയായതും എടുത്തുപറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഒരു കുട്ടിയുടെ മരണത്തിെൻറയും നിരവധി സാക്ഷികൾക്കെതിരായ ആക്രമണത്തിെൻറയും പശ്ചാത്തലത്തിൽ കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ കഴിഞ്ഞ വർഷം നവംബർ 18ന് സുപ്രീംകോടതി കേന്ദ്രത്തിെൻറയും അഞ്ച് സംസ്ഥാന സർക്കാറുകളുടെയും പ്രതികരണം ആരാഞ്ഞിരുന്നു. 2013 ആഗസ്റ്റ് 31ന് ജോധ്പുർ പൊലീസ് അറസ്റ്റ് ചെയ്ത ആശാറാം ബാപ്പു ഇപ്പോഴും ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.