ന്യൂഡൽഹി: ബംഗാളി സംസാരിക്കുന്നവരെ ‘വിദേശി’കളായി പ്രഖ്യാപിച്ച ശേഷം പാർപ്പിക്കുന് ന അസമിലെ പ്രത്യേക തടവറകളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സംസ ്ഥാന സർക്കാറിന് നിർദേശം നൽകി.
പ്രാഥമിക അവകാശങ്ങൾപോലും ലംഘിക്കപ്പെടുന്ന ഇ ത്തരം തടവറകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തകൻ ഹർഷ് മന ്ദർ നൽകിയ ഹരജിയിലാണ് നടപടി. തടവറകളിൽ ഇതുവരെ പാർപ്പിച്ചവരിൽ ‘വിദേശികൾ’ ആയി പ്രഖ്യാപിക്കപ്പെട്ടവർ എത്രയാണെന്നും അവരിലെത്ര പേരെ നാടുകടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
നാടുകടത്താൻ കഴിയാത്ത ‘വിദേശി’കളെ തടവിൽ പാർപ്പിക്കൽ നിയമവിരുദ്ധമാണെന്ന് അസമിലെ ‘വിദേശി തടവറകളെ’ കുറിച്ച് പഠനം നടത്തിയ ഹർഷ് മന്ദറിനു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. നാടുകടത്താൻ സർക്കാർ നടപടിയെടുക്കാത്തത് അവരെ തടവിൽ പാർപ്പിക്കുന്നതിനുള്ള ന്യായീകരണമല്ലെന്നും ഭൂഷൺ വാദിച്ചു.അസമിലെ വംശീയ സമരത്തിനൊടുവിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും അസം ഗണ പരിഷത്ത് നേതാവ് പ്രഫുല്ല കുമാർ മഹന്തയും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ‘അനധികൃത ബംഗ്ലാദേശി’ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന് ‘ഫോറിൻ ട്രൈബ്യൂണലുകൾ’ സ്ഥാപിച്ചിരുന്നു.
എന്നാൽ, ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളാണ് നീതിപൂർവകമല്ലാത്ത വിചാരണയെ തുടർന്ന് ‘വിദേശികൾക്കുള്ള തടവറകളി’ലേക്ക് തള്ളപ്പെടുന്നവരിൽ ബഹുഭൂരിഭാഗവുമെന്ന് അസം പൗരത്വ വിഷയത്തിൽ ‘മാധ്യമം’ നടത്തിയ അേന്വഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ പലരുടെയും ഭാര്യമാരും ഭർത്താക്കന്മാരും മക്കളും രക്ഷിതാക്കളും അസമിൽ ഇന്ത്യൻ പൗരന്മാരായി കഴിയുന്നുമുണ്ട്.
ട്രൈബ്യൂണലുകൾ ബംഗ്ലാദേശികളെന്ന് പ്രഖ്യാപിക്കുന്നവരിൽ പലരും തങ്ങളുടെ പൗരന്മാരല്ലെന്ന നിലപാട് ബംഗ്ലാദേശ് സ്വീകരിക്കുന്നതിനാൽ അവരെ ഒൗദ്യോഗികമായി െകെമാറാൻ അസം സർക്കാറിന് സാധിക്കാറില്ല. അത്തരം ആളുകൾക്ക് അവശേഷിക്കുന്ന ജീവിതം മുഴുവൻ അസമിലെ ജില്ല ജയിലുകളോട് ചേർന്ന് ഒരുക്കിയിട്ടുള്ള പ്രത്യേക തടവറകളിൽ കഴിയാനാണ് വിധി. ഇത്തരം തടവുകാരെ അതിർത്തികളിൽ കൊണ്ടുപോയി തള്ളാറുണ്ടെന്നും ‘വിദേശി തടവറ’കളിലൊന്നിെൻറ കെയർടേക്കർ ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു. ട്രൈബ്യൂണൽ വിദേശികളായി പ്രഖ്യാപിച്ചവർക്കുള്ളതാണ് ഇൗ തടവറകളെങ്കിലും പ്രഖ്യാപിക്കാത്ത നൂറുകണക്കിന് ആളുകളെയും സംശയാസ്പദമായ വോട്ടർമാർ എന്ന നിലയിൽ തടങ്കലിലാക്കിയതും ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.