ന്യൂഡൽഹി: ഡൽഹിയിൽ റെയിൽവേ ട്രാക്കിനോടു ചേർന്ന് 140 കിലോമീറ്ററിൽ അനധികൃതമായുള്ള 48,000 ചേരി വീടുകൾ മൂന്നുമാസത്തിനകം ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തിൽ ഒരുവിധ രാഷ്ട്രീയ ഇടപെടലുമുണ്ടാകരുത്. ഘട്ടംഘട്ടമായാണ് ഒഴിപ്പിക്കൽ നടപ്പാക്കേണ്ടത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ രാജ്യത്തെ മറ്റൊരു കോടതിയും സ്റ്റേ അനുവദിക്കരുത്. കൈയേറ്റത്തിന് അനുകൂലമായി ഏതെങ്കിലും ഇടക്കാല വിധിയുണ്ടെങ്കിൽ അതിന് പ്രാബല്യമുണ്ടാകില്ലെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഒഴിപ്പിക്കൽ പൂർത്തിയാക്കി ഒരു മാസത്തിനകം റെയിൽവേ ട്രാക്കുകളിലെ മാലിന്യം നീക്കിയത് സംബന്ധിച്ച റിപ്പോർട്ട് കോടതിയെ അറിയിക്കണമെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയോട് (ഇ.പി.സി.എ) നിർദേശിച്ചു. ചേരി ഒഴിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കണമെന്നും ഇക്കാര്യത്തിൽ ചുമതലയുള്ള വിവിധ സർക്കാർ വകുപ്പുകളോട് കോടതി നിർദേശിച്ചു. ട്രാക്കിലെ മാലിന്യ നിർമാർജനത്തിന് സമയബന്ധിത പദ്ധതി തയാറാക്കണമെന്ന് റെയിൽവേയോട് നിർദേശിച്ചതായി ഇ.പി.സി.എ കോടതിയെ അറിയിച്ചു.
ഒഴിപ്പിക്കൽ നടപടി ഉടൻ ആരംഭിക്കുന്നതിനായി റെയിൽവേ, ഡൽഹി സർക്കാർ, ബന്ധപ്പെട്ട നഗരസഭകൾ, ഡൽഹി നഗര പാർപ്പിട വികസന ബോർഡ് (ഡി.യു.എസ്.ഐ.ബി) ഉൾപ്പെടെയുള്ളവർ അടുത്ത ആഴ്ച യോഗം ചേർന്ന് നടപടി എടുക്കണം. പദ്ധതിക്കാവശ്യമായ 70 ശതമാനം തുക റെയിൽവേയും 30 ശതമാനം സംസ്ഥാന സർക്കാറും നൽകണം. റെയിൽവേയും ഇതര സർക്കാർ വകുപ്പുകളും സൗജന്യമായാണ് സേവനം നൽകേണ്ടതെന്നും കോടതി പറഞ്ഞു. ആഗസ്റ്റ് 31ന് പുറപ്പെടുവിച്ച വിധി വ്യാഴാഴ്ചയാണ് സുപ്രീംകോടതി വെബ്സൈറ്റിൽ േചർത്തത്. ബുധനാഴ്ചയാണ് ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.