ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 9-12 വരെ ക്ലാസുകൾ സെപ്റ്റംബർ ഒന്നിനും 6-8 വരെ ക്ലാസുകൾ എട്ടിനും തുറക്കും. വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രം സ്കൂളിൽ എത്തിയാൽ മതി. അല്ലാത്തവർക്ക് ഓൺലൈൻ ക്ലാസിൽ തുടരാം.
ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം.എ) യോഗത്തിലാണ് തീരുമാനമെടുത്തത്. ഡി.ഡി.എം.എ രൂപീകരിച്ച വിദഗ്ധ സമിതി സെപ്റ്റംബർ മുതൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ശുപാർശ ചെയ്തിരുന്നു. സന്നദ്ധരായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ സ്കൂളിൽ അയക്കാം. അല്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്നും സമിതി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്.
കോവിഡ് വ്യാപനം തടയാൻ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന് മുന്നോടിയായിട്ടാണ് കഴിഞ്ഞ വർഷം മാർച്ചിൽ ദേശീയ തലസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി വീണ്ടും തുറക്കാൻ തുടങ്ങിയപ്പോൾ, ഈ വർഷം ജനുവരിയിൽ 9-12 ക്ലാസുകൾക്ക് മാത്രമേ ഡൽഹി സർക്കാർ ഓഫ്ലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയത്. എന്നാൽ, രണ്ടാം തരംഗം വന്നതോടെ വീണ്ടും ഓൺലൈനിലേക്ക് മാറി. നിലവിൽ 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ പ്രവേശനത്തിനും ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്.
അതേസമയം, സ്കൂളുകൾ വീണ്ടും തുറക്കാനുള്ള പുതിയ നിർദേശത്തെ സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിലും വിദ്യാഭ്യാസ പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പഠനനഷ്ടം വളരെ കൂടുതലായതിനാൽ സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ചിലർ പറയുന്നു. എന്നാൽ, മൂന്നാം തരംഗത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതിനാൽ കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കണമെന്നാണ് മറ്റുള്ളവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.