ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലെ ദുരിത ജീവിതം വാർത്തയാക്കിയതിന് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ കോടതിയെ സമീപിച്ചു. സ്ക്രോൾ.ഇൻ എന്ന വാർത്ത പോർട്ടലിലെ എഡിറ്റർമാരായ സുപ്രിയ ശർമ, നരേഷ് ഫെർണാണ്ടസ് എന്നിവരാണ് എഫ്.ഐ.ആർ റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
മോദി പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തിലെ ദൊമാരി ഗ്രാമത്തിലെ ജനങ്ങളുടെ ദുരിത ജീവിതം പുറംലോകത്തെ അറിയിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. സൻസദ് ആദർശ് ഗ്രാമ യോജനയിൽ ഉൾെപ്പടുത്തി നരേന്ദ്ര മോദി ദത്തെടുത്ത ഗ്രാമമാണ് ദൊമാരി. ഇവിടെ ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളെ കുറിച്ചാണ് ജൂൺ എട്ടിന് സ്ക്രോൾ വാർത്ത നൽകിയത്.
ഇതിെൻറ പേരിൽ സുപ്രിയ ശർമക്കും നരേഷ് ഫെർണാണ്ടസിനുമെതിരെ വിവിധ വകുപ്പുകൾ ചുമത്തി വാരാണസി ജില്ലയിലെ രാംനഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ പ്രയോഗിച്ചത്.
എഫ്.ഐ.ആർ പൂർണ്ണമായും തെറ്റാണെന്നും നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്നും ഇവർ കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. സ്വതന്ത്ര പത്രപ്രവർത്തകരെ ഭയപ്പെടുത്താനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടാണ് കേസ്. ദുർബല വിഭാഗങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് നടുക്കുന്ന സത്യങ്ങളും ഭീകരമായ യാഥാർത്ഥ്യങ്ങളും റിപ്പോർട്ടുചെയ്യുന്നതിൽനിന്ന് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.
വാർത്തയിൽ പരാമർശിക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റിപ്പോർട്ടിൽ താൻ പറയാത്ത കാര്യങ്ങൾ എഴുതിയെന്നും പട്ടികജാതി വിഭാഗത്തിൽപെട്ടയാളായതിനാൽ പരിഹസിച്ചുവെന്നുമാണ് പരാതി. എന്നാൽ, ഇൗ ആരോപണം സുപ്രിയ നിഷേധിച്ചു. പരാതിക്കാരി പറഞ്ഞ കാര്യങ്ങളെല്ലാം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവർ അറിയിച്ച വസ്തുതകൾ മാത്രമാണ് വാർത്തയിൽ ഉൾപ്പെടുത്തിയതെന്നും സുപ്രിയ കോടതിയിൽ നൽകിയ ഹരജിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.