കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര സർക്കാറും തമ്മിലെ പോരിന് പുതിയ പോർമുഖം തുറന്ന് ഞായറാഴ്ച രാത്രി കൊൽക്കത്തയിൽ നാടകീയ സംഭവവികാസങ്ങൾ. ശാരദ ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിെൻറ ഭാഗമായെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ റെയ്ഡിനെത്തിയ 40 അംഗ സി.ബി.െഎ സംഘത്തെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കമീഷണറുടെ വസതിയിൽ കുതിച്ചെത്തിയ മുഖ്യമന്ത്രി മമത ബാനർജി സി.ബി.െഎ നടപടിയിൽ പ്രതിഷേധിച്ച് ധർണ ആരംഭിച്ചതോടെ സംഭവം മറ്റൊരു തലത്തിലെത്തി.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന പ്രഖ്യാപിച്ച മമതക്ക് പിന്തുണയുമായ രാജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. ഇതിനിടെ, അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ് സി.ബി.െഎ ഒാഫിസിലെത്തി സുരക്ഷ ചുമതല ഏറ്റെടുത്തു.
സി.ബി.െഎ സംഘം ഞായറാഴ്ച രാത്രി ഏഴരയോടെ കമീഷണർ രാജീവ് കുമാറിെൻറ വസതിയിയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘത്തെ കാവലുണ്ടായിരുന്ന പൊലീസ് തടഞ്ഞു. തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ ബലപ്രയോഗം നടന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത 40 അംഗ സി.ബി.െഎ സംഘത്തെ നിർബന്ധപൂർവം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്ന് പശ്ചിമബംഗാളിൽ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ അപമാനിക്കാനായി പ്രധാനമന്ത്രിയുടെ ഉത്തരവിന് അനുസരിച്ച് സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സി.ബി.െഎയെ നിയന്ത്രിക്കുകയാണ്. ‘‘കൈകളിൽ രക്തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടത്തിയതോടെ മോദിയും ഷായും അട്ടിമറിക്ക് ശ്രമിക്കുകയാണ്. ഞങ്ങൾ അധികാരത്തിൽ വന്നശേഷമാണ് ചിട്ടി അഴിമതി കേസിൽ, കമ്പനി ഉടമകളെ അറസ്റ്റ് ചെയ്തത്. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഇൗ സർക്കാറാണ്’’ -കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിക്കു മുന്നിൽ രാത്രി അടിയന്തര വാർത്തസമ്മേളനം വിളിച്ചുചേർത്ത് മമത കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇതിനകം പിന്തുണ അറിയിച്ചതായും മമത പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എല്ലാ നേതാക്കളും െഎക്യദാർഢ്യം പ്രഖ്യാപിച്ചതായും അവർ കൂട്ടിച്ചേർത്തു. വിവിധ നേതാക്കളായ അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു, ഉമർ അബ്ദുല്ല, അഹ്മദ് പേട്ടൽ, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ ഇതിനകം മമതയെ വിളിച്ച് പിന്തുണയർപ്പിച്ചു. അതേസമയം, കമീഷണർ രാജീവ് കുമാർ തെളിവുകൾ നശിപ്പിക്കാൻ കാരണമായതായി സി.ബി.െഎയുടെ ഇടക്കാല മേധാവി നാഗേശ്വര റാവു ആരോപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമുള്ള അന്വേഷണമാണ് സി.ബി.െഎ നടത്തുന്നതെന്നും സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും റാവു പറഞ്ഞു. സി.ബി.െഎ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
റോസ് വാലി, ശാരദ ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിെൻറ ഭാഗമായാണ് നടപടി. പശ്ചിമ ബംഗാള്‍ കേഡറിലെ 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ്കുമാറാണ് ചിട്ടി തട്ടിപ്പ് കേസുകളില്‍ പശ്ചിമ ബംഗാള്‍ പൊലീസിെൻറ പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് ചില രേഖകള്‍ കാണാതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ്കുമാറിന് സി.ബി.ഐ സമന്‍സ് നല്‍കിയിരുന്നു. എന്നാൽ, ഹാജരായില്ല. നാളുകളായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും കൊണ്ടും കൊടുത്തുമുള്ള രാഷ്ട്രീയ വാക്പയറ്റ് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.