രണ്ടാംഘട്ട വിജ്ഞാപനം ഇന്ന്

ന്യൂഡൽഹി: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഗസറ്റ് വിജ്ഞാപനം ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ പുറത്തിറക്കുന്നതോടെ പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപ്പത്രിക സമർപ്പണത്തിന് തുടക്കമാകും. കേരളമടക്കം 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 ലോക്‌സഭ മണ്ഡലങ്ങൾക്കൊപ്പം മണിപ്പൂർ മണ്ഡലത്തിന്റെ ഒരു ഭാഗത്തും ഏപ്രിൽ 26ന് രണ്ടാംഘട്ട വോട്ടെടുപ്പു നടക്കും.

അസം, ബിഹാർ, ഛത്തിസ്ഗഢ്, ജമ്മു-കശ്മീർ, കർണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണു രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും. ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ ഒരു ഭാഗവും ഇതിൽ ഉൾപ്പെടുന്നു.

രണ്ടാംഘട്ടത്തിൽ നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 4 ആണ്. ജമ്മു-കശ്മീർ ഒഴികെയുള്ള 11 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 5നും ജമ്മു-കശ്മീരിൽ 6നും നടക്കും. ഔട്ടർ മണിപ്പൂർ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒന്നാം ഘട്ടത്തിൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔട്ടർ മണിപ്പൂർ ലോക്‌സഭ മണ്ഡലത്തിലെ 15 നിയമസഭ മണ്ഡല പരിധിയിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പു നടക്കും. ഈ ലോക്‌സഭ മണ്ഡലത്തിലെ ബാക്കി 13 നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിലാണ് 26ന് രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Second phase notification today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.