മണിപ്പൂരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂരിൽ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ

ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ സംഘർഷം. നഗരമേഖലയിൽ രണ്ടിടങ്ങളിൽ ഇന്നലെ സംഘർഷമുണ്ടായിരുന്നു. ഇതേതുടർന്ന് ഇവിടെ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി. പരിക്കേറ്റവരെക്കുറിച്ചോ അനിഷ്ട സംഭവങ്ങളെക്കുറിച്ചോ വിവരമില്ല.

തിങ്കങ്കാങ്‌പായി ഗ്രാമത്തിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

മണിപ്പൂരിൽ ഏതാനും ദിവസങ്ങളായി വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ വീണ്ടും അരങ്ങേറുകയാണ്. ദിവസങ്ങൾക്ക് മുമ്പ് ചുരാചന്ദ്പൂർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെ നോനി ജില്ലയിൽ ഇരുസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഖൂപും പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാംഡേങ്മെയ് ഗ്രാമത്തിൽ സെലിയാങ്റോങ് യുനൈറ്റഡ് ഫ്രണ്ടും എൻ.എസ്.സി.എനും തമ്മിലാണ് വെടിവെപ്പുണ്ടായത്.

നാലു ദിവസം മുമ്പാണ് മണിപ്പൂർ വംശീയ കലാപത്തിൽ കൊല്ലപ്പെട്ട 64 കുക്കി വിഭാഗക്കാരുടെയും നാല് മെയ്തേയി വിഭാഗക്കാരുടെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മേയ് മാസത്തിൽ ആരംഭിച്ച കലാപത്തിൽ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹം അന്നുമുതൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മണിപ്പൂരിലെ വംശീയ കലാപത്തിൽ ആകെ 175ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കലാപത്തെ കുറിച്ച് അന്വേഷിക്കാനും ആശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സുപ്രീംകോടതി ഹൈകോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - Section 144 imposed after fresh violence in Churachandpur Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.