നോയിഡ: പബ്ജി കളിക്കിടെ നോയ്ഡ സ്വദേശി സച്ചിൻ മീണയുമായി പ്രണയത്തിലായി ഇന്ത്യയിലെത്തി വിവാഹം കഴിച്ച പാക് സ്വദേശി സീമ ഹൈദർ സിനിമയിലേക്ക്. ഉദയ്പൂരിലെ ടൈലർ കനയ്യലാലിന്റെ കൊലപാതകത്തെ ആസ്പദമാക്കി എടുക്കുന്ന 'എ ടൈലർ മർഡർ സ്റ്റോറി' എന്ന സിനിമയിലാണ് സീമ ഹൈദർ അഭിനയിക്കുന്നത്.
ചിത്രത്തില്‍ ഒരു റോ ഏജന്‍റിന്‍റെ വേഷത്തിലാണ് സീമയെത്തുക. ജാനി ഫയർഫോക്‌സിന്‍റെ സംഘം ബുധനാഴ്ച ഗ്രേറ്റർ നോയിഡയിൽ വെച്ച് സീമയുമായി കൂടിക്കാഴ്ച നടത്തി. സംവിധായകരായ ജയന്ത് സിൻഹയും ഭരത് സിംഗും സിനിമക്കു വേണ്ടി ഓഡിഷന്‍ നടത്തി. സീമ ഹൈദറും പ്രൊഡക്ഷൻ ഹൗസും നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
റബുപുരയില്‍ നിന്നും നോയിഡയിലെ പുതിയ വീട്ടിലേക്ക് ഈയിടെയാണ് സീമയും സച്ചിനും മാറിയത്. കുടുംബം പുലര്‍ത്താന്‍ ഇരുവരും ബുദ്ധിമുട്ടുകയാണെന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും ക്ഷാമം നേരിടുന്നതിനാൽ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സീമ പറഞ്ഞിരുന്നു. സീമയെ തന്നോടൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന് സച്ചിൻ മീണയും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
സിനിമയെ പോലും വെല്ലുന്നതാണ് 30 കാരിയായ സീമയുടെയും 23കാരനായ സച്ചിന്റെയും പ്രണയ കഥ. കോവിഡ് കാലത്ത് പബ്ജി കളിക്കിടെ പ്രണയത്തിലായ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അവിടെ വച്ച് രഹസ്യമായി വിവാഹം ചെയ്തതിനു ശേഷം സീമ പാകിസ്താനിലേക്ക് മടങ്ങി. നാലുമക്കളുണ്ട് സീമക്ക്. പാകിസ്താനിലെ വീടും സ്ഥലവും വിറ്റ് കിട്ടിയ 12 ലക്ഷം രൂപ യാത്രക്കായി ചെലവഴിച്ചാണ് സീമയും മക്കളും ഇക്കഴിഞ്ഞ മേയിൽ ഇന്ത്യയിലെത്തിയത്. പലചരക്കുകടക്കാരനാണ് 23 കാരനായ സച്ചിന്‍.
നോയിഡ രാബുപുരയില്‍ ദമ്പതിമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് ഇരുവരും കഴിയുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ നാലിന് സീമയെ അറസ്റ്റ് ചെയ്തു. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും അറസ്റ്റിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഐ.എസ്.ഐ ഏജന്‍റാണെന്ന ആരോപണത്തെ തുടർന്ന് സീമയെയും ഭർത്താവ് സച്ചിനെയും യുപി എ.ടി.എസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.