നീതിന്യായ സംവിധാനത്തിലെ പ്രവണതകള്‍ ചോദ്യം ചെയ്ത് ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ സഹാറ ബിര്‍ള കേസിലും ചീഫ് ജസ്റ്റിസിന്‍െറ മകന്‍ ആരോപണവിധേയനായ മുന്‍ അരുണാചല്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍െറ  ആത്മഹത്യക്കുറിപ്പിന്‍െറ കാര്യത്തിലും  ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിന് വിട്ടത് അസ്വീകാര്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ ദുഷ്യന്ത് ദവെ. ‘ബാര്‍ ആന്‍ഡ് ബെഞ്ച്’ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ദവെ നീതിന്യായ സംവിധാനത്തിലെ ചില പ്രവണതകള്‍ ചോദ്യംചെയ്ത് രംഗത്തുവന്നത്. ഗുജറാത്ത് മുഖ്യമന്തിയായിരിക്കേ മോദിക്ക് കോഴ നല്‍കിയെന്ന് ആരോപണമുയര്‍ന്ന സഹാറ ബിര്‍ള കേസ് സുപ്രീംകോടതിയിലത്തെിയപ്പോള്‍ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ നയിക്കുന്ന ബെഞ്ചുകള്‍ മറികടന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റായ് എന്നിവരടങ്ങുന്ന ബെഞ്ചിന് നല്‍കുകയാണ് ചെയ്തതെന്ന് ദവെ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ആര്‍.കെ. അഗര്‍വാളിന്‍െറയും ജസ്റ്റിസ് രമണയുടെയും നേതൃത്വത്തിലുള്ള ബെഞ്ചിന് കേസ് നല്‍കിയില്ല. മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ലഭ്യമായിരിക്കേ ജൂനിയര്‍ ജഡ്ജിമാര്‍ക്ക് ഇത്തരം കേസുകള്‍ നല്‍കാന്‍ പാടില്ല. ജസ്റ്റിസ് അരുണ്‍ മിശ്രയെ സഹാറ ബിര്‍ള കോഴക്കേസ് പരിഗണിച്ച ബെഞ്ചിലുള്‍പ്പെടുത്തിയതില്‍ താന്‍ അസ്വസ്ഥനാണ്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ സ്ഥലത്ത് ഞാനും ചീഫ് ജസ്റ്റിസും ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയുടെയും കോണ്‍ഗ്രസിന്‍െറയും മുതിര്‍ന്ന നേതാക്കളുടെ നിര അവിടെയുണ്ടായിരുന്നു. ഒരു ജഡ്ജിക്ക് രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇത്രയധികം സൗഹൃദമുണ്ടെന്ന് മനസ്സിലാക്കിയാല്‍ പിന്നെ അവരുമായി ബന്ധപ്പെട്ട സഹാറ ബിര്‍ള കേസ് അദ്ദേഹമുള്ള ബെഞ്ചിന് നല്‍കാന്‍ പാടില്ലായിരുന്നു.

ഈ ഉത്തരവില്‍നിന്ന് ആ ബെഞ്ച് ഗൗരവത്തോടെ കേസിനെ സമീപിച്ചില്ളെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ദവെ പറഞ്ഞു.മുന്‍ അരുണാചല്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍െറ ആത്മഹത്യക്കുറിപ്പിന്‍െറ കാര്യത്തില്‍ സംഭവിച്ചതും ഭിന്നമല്ല. അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രീംകോടതി ഭരണപരമായ നടപടി എടുക്കണമെന്ന് പുലിന്‍െറ ഭാര്യ ആവശ്യപ്പെട്ടിട്ടും ഉചിതമായ നടപടിയല്ല ഉണ്ടായത്. ആത്മഹത്യക്കുറിപ്പില്‍ ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് ദീപക് മിശ്രക്കും ബാധകമായ പരാമര്‍ശമുള്ളതിനാല്‍ വിഷയം ചീഫ് ജസ്റ്റിസ് തൊടാതെ മുതിര്‍ന്ന ജസ്റ്റിസ് ചെലമേശ്വറിന് കൈമാറുകയായിരുന്നു വേണ്ടിയിരുന്നത്.  ഗുരുതരമായ ആരോപണം അടങ്ങുന്ന വിഷയം അഞ്ചോ ഏഴോ അംഗങ്ങളുള്ള ഭരണഘടന ബെഞ്ചിന് വിടാറാണ് പതിവ്. ജസ്റ്റിസ് കര്‍ണനെതിരായ പരാതിയില്‍ ചീഫ് ജസ്റ്റിസ് ഖെഹാര്‍ ഇതാണ് ചെയ്തത്. എന്നാല്‍, ഈ കീഴ്വഴക്കം ലംഘിച്ച് തന്നോടൊപ്പം പഞ്ചാബ് ഹരിയാന ഹൈകോടതിയിലുണ്ടായിരുന്ന ജസ്റ്റിസ് ഗോയലിന്‍െറ ബെഞ്ചിലേക്ക് വിഷയം വിട്ടത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Senior Advocate Dushyant Dave Locks Horn With Present Executive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.