ഇന്ന് ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തി കോൺഗ്രസിൽ ചേർന്ന തെലങ്കാനയിലെ ബി.ആർ എസ് നേതാക്കൾ

തെലങ്കാനയിൽ പിടിവിട്ട് ബി.ജെ.പി; ബി.ആർ.എസുമായി ഒത്തുതീർപ്പിലേക്ക്?

ന്യൂഡൽഹി: മാസങ്ങൾ മുമ്പ് വരെ ചന്ദ്രശേഖര റാവുവിന്റെയും ബി.ആർ.എസിന്റെയും മുഖ്യ എതിരാളിയായിരുന്ന ബി.ജെ.പി തെലങ്കാനയിൽ പിടിവിട്ട നിലയിൽ. അയൽസംസ്ഥാനമായ കർണാടകയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം തെലങ്കാനക്കുള്ള ഗ്യാരണ്ടികളും ‘ഇൻഡ്യ’ സഖ്യരൂപവത്കരണവും കോൺഗ്രസിന് അനുകൂലമാകുമെന്ന് കണ്ടതോടെ തെലങ്കാന രാഷ്ട്രീയ സമിതിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയത്തിലേക്ക് ബി.ജെ.പി നീങ്ങുന്നതിന്റെ സൂചനകളും പ്രകടമായി​.

ഡൽഹി മദ്യനയ കേസ് അഴിമതിയിൽ ആം ആദ്മി പാർട്ടി നേതാക്കളെ വേട്ടയാടാൻ ഇ.ഡിയെ ഇറക്കിയ മോദി അതേ കേസിൽ കൂട്ടുപ്രതികളാണെന്ന് ആരോപിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത അടക്കമുള്ള തെലങ്കാന രാഷ്ട്രീയ സമിതി നേതാക്കളോട് മൃദുസമീപനം സ്വീകരിച്ചത് തെലങ്കാനയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തെ നേരിടാനാണെന്ന് വിലയിരുത്തുന്നുവരുണ്ട്. ബി.ജെ.പി ബി.ആർ.എസുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം മറികടക്കാനാണ് ചന്ദ്രശേഖര റാവു എൻ.ഡി.എയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും താൻ അത് തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ പ്രസംഗിച്ചത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ സീറ്റുകളുടെ എണ്ണത്തിൽ ബി.ജെ.പി കോൺഗ്രസിനെ കടത്തിവെട്ടിയിരുന്നു. ബി.ആര്‍.എസ് ഒമ്പതും ബി.ജെ.പി നാലും കോണ്‍ഗ്രസ് മൂന്നും സീറ്റുകൾ നേടിയ 2019ലെ ഫലം നൽകിയ ആത്മശ്വാസത്തിൽ തെലങ്കാനയില്‍ വേരുറപ്പിക്കാൻ ഒരു വർഷം മുമ്പ് വരെ ബി.ജെ.പി നടത്തിയ പരിശ്രമങ്ങൾക്കാണ് കർണാടകയിലെ തകർപ്പൻ പ്രകടനത്തിലുടെ കോൺഗ്രസ് തടയിട്ടത്. ഹൈദരാബാദ് പ്രവർത്തക സമിതിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വൻ റാലിയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് കർണാടക മോഡലിൽ 12 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തെലങ്കാനക്കായി പ്രഖ്യാപിക്കുകയും ചെയ്തു. കർണാടകയിലെ ജയത്തിലേക്ക് നയിച്ച ‘ഗ്യാരണ്ടി’കൾ ‘അഭയഹസ്ത’മായി പുനരാവിഷ്‍കരിച്ച് തെലങ്കാനയിൽ കോൺഗ്രസ് നടത്തുന്ന പ്രചാരണമുന്നേറ്റത്തെ മറികടക്കാനാകാ​തെ കുഴങ്ങിയിരിക്കുകയാണ് ബി.​ജെ.പി. തെലങ്കാനയിൽ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ബണ്ടി സഞ്ജയിനെ മാറ്റിയതും തിരിച്ചടിയായെന്ന തിരിച്ചറിവ് പാർട്ടിക്ക് വൈകിയാണുണ്ടായത്. 

കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ആര്‍.എസുമായി തെറ്റിപ്പിരിയുന്ന നേതാക്കളെല്ലാം ബി.ജെ.പിക്ക് പകരം കോൺഗ്രസിലാണ് ചേക്കേറുന്നത്. ഹൈദരാബാദ് പ്രവർത്തക സമിതിക്ക് മുമ്പ് തുടങ്ങിയ ബി.ആർ.എസിൽ നിന്നും കോൺഗ്രസിലേക്കുള്ള നേതാക്കളുടെ കൂടുമാറ്റം ഇപ്പോഴും തുടരുകയാണ്. തെലങ്കാനയിലെ ബി.ആർ.എസ് നേതാക്കളായ കൈസി റെഡ്ഢി നാരായണ റെഡ്ഢിയുടെയും ഠാക്കൂർ ബാലാജി സിങ്ങിന്റെയും നേതൃത്വത്തിൽ നൂറോളം ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും പ്രവർത്തകരും വെള്ളിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിലെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

തെലങ്കാനയിലെ മുഖ്യപ്രതിപക്ഷത്തിന്റെ റോൾ കോൺഗ്രസ് തിരിച്ചുപിടിച്ചത് ബി.ജെ.പി​ക്ക് പുറമെ ഭരണകക്ഷിയായ ബി.ആർ.എസിനെയും സഖ്യകക്ഷിയായ എ.ഐ.എം.ഐ.എമ്മിനെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിന്റെ പ്രചാരണമുന്നേറ്റം തടയാൻ ബി.ജെ.പിക്ക് പകരം കോൺഗ്രസിനെ മുസ്‍ലിം വിരുദ്ധ പാർട്ടിയാക്കി നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ് അസദുദ്ദീൻ ഉവൈസി.

Tags:    
News Summary - Setback to BJP in Telangana: Towards reconciliation with BRS?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.