ഭോപാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ടുപേർ മരിച്ചു. പുതുതായി ഏഴുപേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവർ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കോവിഡ് വാക്സിെൻറ ഒരുഡോസോ അല്ലെങ്കിൽ രണ്ട് ഡോസോ സ്വീകരിച്ച മൂന്ന് ഡെൽറ്റ പ്ലസ് ബാധിതർ ഒന്നുകിൽ രോഗമുക്തരാവുകയോ അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുകയോ ചെയ്യുകയാണ്. ഏഴുപേർക്കും കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്. ഈ മാസം ഇവരുടെ സാംപിളുകൾ എൻ.സി.ഡി.സിയിൽ വെച്ച് ജീനോം സീക്വൻസിങ് നടത്തിയതിലൂടെയാണ് ഡെൽറ്റപ്ലസ് വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചത്.
വാക്സിനെടുക്കാത്ത 22 കാരിയും രണ്ടു വയസുള്ള കുഞ്ഞും വൈറസിനെ പ്രതിരോധിച്ചതായും ഡോക്ടർമാർ പറഞ്ഞു. തലസ്ഥാനമായ ഭോപാലിൽ നിന്നാണ് മൂന്ന് രോഗികൾ. ഉജ്ജയിനിൽ നിന്നുള്ള രണ്ട് പേർക്കും റായ്സെൻ അശോക്നഗർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു.
മധ്യപ്രദേശിനെ കൂടാതെ കേരളം, മഹാരാഷ്ട്ര, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. യു.എസ്, യു.കെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.