ന്യൂഡൽഹി: പഞ്ചാബ് മന്ത്രിസഭയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.
തിങ്കളാഴ്ച മുഖ്യമന്ത്രിയായി ചുമതലയേറ്റ ചന്നി, മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ മൂന്ന് തവണയാണ് ഡൽഹി സന്ദർശിച്ചത്. മന്ത്രിസഭയിൽ പുതുതായി ഏഴ് പേരെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, അമരീന്ദർ സിങ് മന്ത്രിസഭയിലെ അഞ്ച് പേർ പുറത്താകും. അമരീന്ദർ സിങ്ങിന്‍റെ വിശ്വസ്തരടക്കം പുറത്താകുമെന്നാണ് വിവരം.
രാജ്കുമാർ വെർക്ക, കുൽജിത് നഗ്ര, ഗുർകിരത് സിങ് കോട്‌ലി, പർഗത് സിങ്, അമരീന്ദർ സിങ്, രാജാ വാരിങ്, റാണ ഗുർജീത്, സുർജിത് സിങ് ധീമാൻ തുടങ്ങിയവരാകും പുതിയ മന്ത്രിസഭയിലെ പുതുമുഖങ്ങൾ.
ആരോഗ്യമന്ത്രി ബൽബീർ സിദ്ദു, വനം മന്ത്രി സാധു സിങ് ധരംസോത്, കായിക മന്ത്രി റാണ, ഗുർമീത് സോധി, എസ്.എസ്. അറോറ, ഗുർപ്രീത് കംഗർ എന്നിവരാണ് പുറത്താകുക. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗവർണർ ബൻവാരിലാൽ പുരോഹിതിനെ മുഖ്യമന്ത്രി സന്ദർശിച്ചു.
കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് കഴിഞ്ഞയാഴ്ച രാജിവെച്ചത്. അമ്പത്തെട്ടുകാരനായ ചരൺജിത് സിങ് ചന്നി, അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനത്ത് ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിശ്വാസം. അധികാരത്തിലെത്തിയാൽ ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പിയും ദലിത് ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ശിരോമണി അകാലിദളും പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദർ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ അമരീന്ദർ സിങ് കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.