ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ അഞ്ച് കേന്ദ്ര മന്ത്രിമാർ കോവിഡ് ബാധിതരായത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധയോടെ ബി.ജെ.പി. രാജ്നാഥ് സിങ്ങിനെ കൂടാതെ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, മഹേന്ദ്രനാഥ് പാണ്ഡെ, ഭാരതി പവാർ, നിത്യാനന്ദ റായി എന്നിവർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവർക്ക് ഉടൻ തന്നെ പ്രചാരണച്ചൂടിലേക്ക് തിരികെയെത്താനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽ നാലും ബി.ജെ.പി ഭരിക്കുന്നവയാണ്. ഇവിടങ്ങളിൽ അധികാരം നിലനിർത്തുകയെന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. അതുകൊണ്ടുതന്നെ തിരക്കുപിടിച്ച പ്രചാരണ ഷെഡ്യൂളാണ് കേന്ദ്ര മന്ത്രിമാർക്ക് നൽകിയിരുന്നത്.
മന്ത്രിമാർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നതും എല്ലാവർക്കും വീട്ടിൽ നിരീക്ഷണം മാത്രമേ ആവശ്യമായി വരുന്നുള്ളൂവെന്നതും ബി.ജെ.പിക്ക് ആശ്വാസമാണ്. രാജ്നാഥ് സിങ്ങിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം മുമ്പാണ് രാജീവ് ചന്ദ്രശേഖറിന് രോഗം സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ മണിപ്പൂർ സംസ്ഥാന നിയമസഭകളിലെ 690 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10നാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.