മഹായുതി സഖ്യത്തിന്റെ വിജയത്തിൽ ജനങ്ങൾ ആവേശഭരിതരല്ലെന്ന് ശരത് പവാർ

മുംബൈ: ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വിജയത്തിൽ ജനങ്ങൾ ആവേശഭരിതരല്ലെന്ന് എൻ.സി.പി(എസ്.പി) പ്രസിഡന്റ് ശരത് പവാർ. വിജയത്തിൽ പ്രതിപക്ഷത്തിന്റെ ഹൃദയം തകർന്നിട്ടില്ലെന്നും ശരത് പവാർ പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മഹായുതി സഖ്യം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് സഖ്യത്തിന്റെ ആദ്യ ചുമതലയെന്നും അ​ദ്ദേഹം പറഞ്ഞു.

ലക്ഷ്മി ബച്ചൻ പദ്ധതി പ്രകാരം സ്ത്രീകൾക്കുള്ള ധനസഹായം ഉയർത്തുമെന്ന് മഹായുതി വാഗ്ദാനം ചെയ്തിരുന്നു. 1500 രൂപയിൽ നിന്ന് 2100 രൂപയാക്കി ഇത് വർധിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയായിരിക്കും തങ്ങളുടെ പ്രാഥമിക കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

പോൾ ചെയ്ത വോട്ടുകളും മഹാരാഷ്ട്രയിൽ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സീറ്റുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ തോറ്റുവെന്നത് സത്യമാണ്. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു ആവേശവും ദൃശ്യമാകാത്തതിനാൽ നാം അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല, ജനങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റിലും വിജയിച്ച് ബി.ജെ.പി-എൻ.സി.പി-ശിവസേന സഖ്യം അധികാരം പിടിച്ചിരുന്നു. പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡിയിൽ നിന്നും സമാജ്‍വാദി പാർട്ടി പുറത്ത് പോയതും വലിയ തിരിച്ചടിയായിരുന്നു.

Tags:    
News Summary - Sharad Pawar Says People Not 'Enthused' By Mahayuti Win, Devendra Fadnavis Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.