കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.എൽ.എ സുവേന്ദു അധികാരി. ഭരണകൂടത്തോടുള്ള ബംഗാൾ മുഖ്യമന്ത്രിയുടെ താൽപര്യമില്ലായ്മ ഒരിക്കൽ കൂടി പുറത്തുവന്നുവെന്നായിരുന്നു പ്രതികരണം.
കൂടാതെ പ്രധാനമന്ത്രിയും ജില്ല മജിസ്ട്രേറ്റുമാരുമായുള്ള യോഗം രാഷ്ട്രീയവത്കരിച്ചുവെന്നും സുവേന്ദു കുറ്റപ്പെടുത്തി. ഒരു രാജ്യം, എല്ലാവരും അപമാനിക്കപ്പെട്ടു എന്ന മമതയുടെ പരാമർശത്തെ ലജ്ജാകരമെന്ന് സുവേന്ദു അധികാരി വിശേഷിപ്പിക്കുകയും ചെയ്തു.
'കൃത്യമായി പറയുകയാണെങ്കിൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാനമന്ത്രി നിരവധി യോഗങ്ങൾ മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്നു. എത്രയെണ്ണത്തിൽ മമത ബാനർജി പെങ്കടുത്തു? പൂജ്യം. ഇപ്പോൾ, പ്രധാനമന്ത്രിയുടെയും ജില്ല മജിസ്ട്രേറ്റുമാരുടെയും യോഗം ഹൈജാക്ക് ചെയ്ത് അവർ പറയുന്നു സംസാരിക്കാൻ അവസരം നൽകിയില്ലെന്ന്, ലജ്ജാകരം' -സുവേന്ദു ട്വീറ്റ് ചെയ്തു.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതയും സുവേന്ദുവും തമ്മിലായിരുന്നു മത്സരം. സുവേന്ദുവിനോട് മമത പരാജയപ്പെടുകയും ചെയ്തിരുന്നു.
'സഹകരണ ഫെഡറലിസത്തിലാണ് മോദിയുടെ വിശ്വാസം. എന്നാൽ മമത ബാനർജിയുടെ വിശ്വാസം ഏറ്റുമുട്ടൽ ഫെഡറലിസത്തിലാണ്. ബംഗാളിലെ കോവിഡ് കേസുകളുടെ എണ്ണം ദയനീയമാണെങ്കിലും രാഷ്ട്രീയം കളിക്കാനാണ് മമതയുടെ താൽപര്യം' -സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനമന്ത്രിയല്ലാെത മറ്റാർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അപമാനിക്കപ്പെട്ടതായും മമത ബാനർജി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് യോഗത്തിൽ പെങ്കടുത്തത്. എന്നിട്ടും പെങ്കടുത്ത ആർക്കും സംസാരിക്കാൻ അവസരം നൽകിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് മാത്രം സംസാരിക്കാൻ അവസരം നൽകിയെന്നും അവർ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ചെറിയ പ്രസംഗം നടത്തി. അതിനുശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾക്കെല്ലാവർക്കും അപമാനിക്കപ്പെട്ടതുപോലെ തോന്നി. കോവിഡ് വാക്സിനെക്കുറിച്ചോ റെംഡിസിവിറിനെക്കുറിച്ചോ ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും ചോദിച്ചില്ല -അവർ പറഞ്ഞു.
വാക്സിൻ ക്ഷാമത്തെക്കുറിച്ച് അറിയിക്കണമെന്നും കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെടണമെന്നും കരുതിയിരുന്നു. വാക്സിൻ ആവശ്യപ്പെടാമെന്ന് പ്രതീക്ഷിച്ചെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല -മമത മാധ്യമപ്രവർത്തകരെ അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ കുറഞ്ഞുവരുന്നതായി മോദി അവകാശപ്പെട്ടു. നേരത്തെയും മോദി ഇതേ അവകാശവാദം നടത്തിയിരുന്നു, അതോടെ കേസുകൾ കൂടി. മോദി അരക്ഷിതനാണ്. അതിനാൽ തന്നെ ഞങ്ങളെ കേൾക്കാൻ തയാറായില്ല -മമത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.