കാർഷിക നിയമങ്ങളുടെ യഥാർഥ വാസ്​തുശിൽപ്പി ശിരോമണി അകാലിദൾ -നവ്​ജ്യോത്​ സിങ്​ സിധു

അമൃത്​സർ: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ വിവാദ കാർഷിക നിയമങ്ങളുടെ യഥാർഥ വാസ്​തുശിൽപ്പി ശിരോമണി അകാലിദൾ ആണെന്ന്​ പഞ്ചാബ്​ കോൺഗ്രസ്​ പ്രസിഡന്‍റ്​ നവ്​ജ്യോത്​ സിങ്​ സിധു. 2013ൽ അകാലിദൾ -ബി.ജെ.പി സർക്കാർ പഞ്ചാബ്​ നിയമസഭയിൽ കൊണ്ടുവന്ന കരാർ കാർഷിക നിയമത്തിന്‍റെ കൃത്യമായ പകർപ്പുകളാണ്​ പുതിയ കാർഷിക നിയമങ്ങളെന്നും സിധു അവകാശപ്പെട്ടു.

സംസ്​ഥാനത്ത്​ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തവർഷം നടക്കാനിരിക്കേയാണ്​ അകാലിദളിനെതിരായ സിധുവിൻറെ പ്രതികരണം. മുൻ മുഖ്യമന്ത്രി പ്രകാശ്​ സിങ്​ ബാദലാണ്​ ഈ കാർഷിക നിയമങ്ങളുടെ യഥാർഥ നിർമാതാവെന്നും സിധു പറഞ്ഞു. 'ബാദൽ കൊണ്ടുവന്ന നിയമങ്ങളുടെ അസ്സൽ ഫോ​ട്ടോസ്റ്റാറ്റ്​ പതിപ്പാണ്​ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ. തീർപ്പാക്കൽ, കാർഷിക സേവനങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ വിൽപന തുടങ്ങിയ നിയമങ്ങളിലെ എല്ലാ വാക്യങ്ങളും എൻ.ഡി.എ സഖ്യത്തിലായിരുന്നപ്പോൾ ശിരോമണി അകാലിദൾ ബി​.ജെ.പിക്ക്​ നൽകിയതുപോലെയാണ്​' -സിധു കൂട്ടിച്ചേർത്തു.

കൂടാതെ പ്രകാശ്​ സിങ്​ ബാദൽ, സുഖ്​ബീർ സിങ്​ ബാദൽ, ഹർസിമ്രത്​ കൗർ ബാദൽ എന്നിവർ ആദ്യം കാർഷിക നിയമങ്ങളെ പ്രശംസിക്കുന്നതും പിന്നീട്​ വിമർശിക്കുന്നതുമായ വിഡിയോയും സിധു പുറത്തുവിട്ടു.

അതേസമയം, സിധു ജനങ്ങളെ വിഡ്​ഢിയാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു അകാലിദളിന്‍റെ പ്രതികരണം. കർഷ​ക സമൂഹത്തെ സഹായിക്കാൻ അദ്ദേഹം ശരിക്കും തയാറാണെങ്കിൽ 2017ൽ കോൺഗ്രസ്​ സർക്കാർ എ.പി.എം.സി നിയമത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കണമെന്നും ശിരോമണി അകാലിദൾ ആവശ്യപ്പെട്ടു.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ അകാലിദളിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കാർഷിക നിയമങ്ങളെക്കുറിച്ച്​ സംസാരിക്കാൻ മുൻ കേന്ദ്രമന്ത്രി ഹർസിമ്രത്​ കൗർ ബാദലിനുൾപ്പെടെ സംസാരിക്കാൻ ധാർമിക അവകാശം ഇല്ലെന്നായിരുന്നു അമരീന്ദറിന്‍റെ പ്രതികരണം. 

Tags:    
News Summary - Shiromani Akali Dal the main architect of the three central farm laws Navjot Singh Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.