മുംബൈ: ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും രാജ്യ സ്നേഹത്തെ ചോദ്യം ചെയ്ത് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും 'ഭാരത് മാതാ കീ ജയ്' വിളിച്ചതുകൊണ്ട് രാജ്യസ്നേഹമാകില്ലെന്നും ഉദ്ധവ് പറഞ്ഞു. ഗവർണർ ഭഗത് സിംഗ് കോശിയാരിയുടെ നിയമസഭ പ്രസംഗത്തിന് സഭയിൽ നന്ദി പറയവെയാണ് ആർ.എസ്.എസിനെയും ബി.ജെ.പിയെയും അദ്ദേഹം കടന്നാക്രമിച്ചത്. തങ്ങൾ ക്ഷേത്ര തുല്യം കാണുന്ന ബാൽതാക്കറെയുടെ മുറിയിലിരുന്ന് 2019 ൽ ഉറപ്പിച്ച സഖ്യ വ്യവസ്ഥകൾ പിന്നീട് 'ഉളുപ്പില്ലാതെ' തള്ളിക്കളഞ്ഞ അമിത് ഷായെയും ഉദ്ധവ് രൂക്ഷമായി വിമർശിച്ചു.
''സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ശിവസേന നിലവിലുണ്ടായിരുന്നില്ല. എന്നാൽ, നിങ്ങളുടെ മാതൃസംഘടനയായ ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മാറിനിന്നു. അധികാരത്തിലിരുന്ന് ജനങ്ങൾക്ക് നീതി നൽകാൻ കഴിയുന്നില്ലെങ്കിൽ 'ഭാരത് മാതാ കീ ജയ്' വിളിക്കാനുള്ള അവകാശം നിങ്ങൾക്കില്ല. ബാലാ സാഹെബിന്‍റെ അടച്ചിട്ട മുറിയിലിരുന്ന് ഞാനും അമിത് ഷായുമാണ് സഖ്യ വ്യവസ്ഥകൾ ചർച്ച ചെയ്തത്. ആ ചർച്ചയിൽ ഫഡ്നാവിസുണ്ടായിരുന്നില്ല. അകത്തിരുന്ന് തന്ന ഉറപ്പ് (അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന വ്യവസ്ഥ) പുറത്തെത്തിയപ്പോൾ അമിത് ഷാ 'ഉളുപ്പില്ലാതെ' നിഷേധിച്ചു. 'ഉളുപ്പില്ല' എന്നത് പ്രയോഗിക്കാൻ പാടില്ലെന്ന് അറിയാമെങ്കിലും ബോധപൂർവമാണ് ആ പദം ഞാനുപയോഗിക്കുന്നത്. ഇതാണോ നിങ്ങളുടെ ഹിന്ദുത്വ? ഇതാണോ ബാലാസാഹെബിനോടുള്ള നിങ്ങളുടെ സ്നേഹം? ആ മുറി ഞങ്ങൾക്ക് ക്ഷേത്രമാണ്'' – ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഫഡ്നാവിസ് ബി.ജെ.പി സർക്കാർ രണ്ട് തവണ ശുപാർശ ചെയ്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രം സവർക്കർക്ക് ഭാരത് രത്ന നൽകാത്തതെന്നും ഉദ്ധവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.