പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിവസേന. പകരം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. പാർട്ടിയുടെ തീരുമാനം പ്രഖ്യാപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
'പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമോ എന്നറിയാൻ ധാരാളം ആളുകൾ ജിജ്ഞാസയോടെ കാത്തിരിക്കുന്നുണ്ട്. പാർട്ടി പ്രസിഡന്‍റ ഉദ്ദവ് താക്കറെയുമായുള്ള ചർച്ചയ്ക്ക് ശേഷമാണിത് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ബംഗാളിൽ നടക്കുന്നത് ദീദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാണ്. എല്ലാ 'എമ്മു'കളും-മണി, മീഡിയ, മസിൽ-എന്നിവ മമതാ ദീദിക്കെതിരെ ഉപയോഗിക്കുന്നു. അതിനാൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നും അവരോട് ഐക്യദാർഢ്യം പുലർത്തണമെന്നും ശിവസേന തീരുമാനിച്ചു. മമതാ ദീദിക്ക് ഹെതിഹാസിക വിജയം നേരുന്നു. അവരാണ് യഥാർഥ ബംഗാൾ കടുവയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'-സഞജയ് റാവത്ത് ട്വീറ്റ് ചെയ്തു.
'ഇത് ഞങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ ഞങ്ങൾ അവിടെ വളരെ കഠിനമായി തയ്യാറെടുക്കുകയായിരുന്നു. ഞങ്ങളുടെ കേഡർമാർ കുറച്ചുകാലമായി പ്രവർത്തിക്കുന്നു. ഞങ്ങളുടെ വിലയിരുത്തൽ അനുസരിച്ച്, കുറഞ്ഞത് 45 നിയോജകമണ്ഡലങ്ങളിൽ ഞങ്ങൾക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ അവിടെയുള്ള എല്ലാ പാർട്ടി പ്രവർത്തകരും മമത ദീദിയെ പിന്തുണയ്ക്കും. ബംഗാളിലെ സേനയുടെ ശക്തിയെകുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് റാവത്ത് പറഞ്ഞു.
'അവർ എല്ലാവർക്കുമെതിരേ ഒറ്റക്ക് പോരാടുകയാണ്. അതിനാൽ ഞങ്ങൾ അവരോടൊപ്പമുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരോടൊപ്പം യുദ്ധം ചെയ്യും'-അദ്ദേഹം പറഞ്ഞു. 'മമതാ ദീദിയെ പിന്തുണയ്ക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. ഇത് സംബന്ധിച്ച് നിരവധി ദിവസങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച നടന്നു. തെരഞ്ഞെടുപ്പിൽ പങ്കെകുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു' -സേന നേതാവ് സുനിൽ പ്രഭു മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.