ന്യൂഡൽഹി: േകരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പൻ മാധ്യമപ്രവർത്തകനല്ലെന്നും പോപുലർഫ്രണ്ട് (പി.എഫ്.ഐ) സെക്രട്ടറിയാണെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. പി.എഫ്.ഐ ഒാഫിസ് സെക്രട്ടറിയായ സിദ്ദീഖ് കാപ്പൻ പത്രപ്രവർത്തക 'ആവരണം' ഉപയോഗിക്കുകയായിരുന്നുവെന്ന് യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. കാപ്പനെ കാണുന്നതിൽനിന്ന് ബന്ധുക്കളെയും അഭിഭാഷകരെയും തടഞ്ഞിട്ടില്ലെന്നും യു.പി സർക്കാറിെൻറ സത്യവാങ്മൂലത്തിലുണ്ട്.
സിദ്ദീഖ് കാപ്പെൻറ മോചനത്തിനായി കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം പ്രസിഡൻറ് മിജി ജോസ് സമർപ്പിച്ച ഹരജിക്കുള്ള മറുപടിയിലാണ് യോഗി സർക്കാറിെൻറ വിശദീകരണം. കേരളത്തിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നതും 2018ൽ നിർത്തിയതുമായ 'തേജസ്' ദിനപത്രത്തിെൻറ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പി.എഫ്.ഐ പ്രവർത്തനത്തിന് സിദ്ദീഖ് 'ജേണലിസ്റ്റ് കവർ' നൽകിയതെന്നും ഇൗ പത്രത്തിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലം ആരോപിക്കുന്നു.
മറ്റു പി.എഫ്.ഐ പ്രവർത്തകർക്കും വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഒാഫ് ഇന്ത്യ നേതാക്കൾക്കും ഒപ്പം സിദ്ദീഖ് കാപ്പൻ ജേണലിസ്റ്റ് എന്ന പേരിൽ ഹാഥറസിലേക്ക് പോയത് ജാതീയമായ ഭിന്നിപ്പും ക്രമസമാധാന തകർച്ചയും സൃഷ്ടിക്കാനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
നിരോധിക്കപ്പെട്ട സംഘടനകളുമായി കാപ്പന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ ഉയർന്നുവരുന്നുണ്ടെന്നും പ്രത്യേക ദൗത്യസേനയുടെ അന്വേഷണം തുടരുന്നതിനാൽ അവയൊന്നും ഇൗ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടിെല്ലന്നും യു.പി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന് വേണ്ടി സമർപ്പിച്ച ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരമുള്ള ഹരജി നിലനിൽക്കില്ലെന്നും യു.പി സർക്കാർ മറുപടിയിൽ വ്യക്തമാക്കി.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിദ്ദീഖ് കാപ്പൻ ഇത് കൈകാര്യം ചെയ്യാൻ അധികാരമുള്ള അലഹബാദ് ഹൈകോടതിയെ ആണ് സമീപിക്കേണ്ടത്. കാപ്പനൊപ്പം അറസ്റ്റിലായ മറ്റു മൂന്നുപേരുടെയും ജാമ്യാപേക്ഷകൾ ബന്ധപ്പെട്ട കോടതികൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും യു.പി സർക്കാർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.