മലപ്പുറം: ജാമ്യം നൽകാതെ, വിചാരണ നടത്താതെ പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പെൻറ തടവ് നീളുന്നു. വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിൽ കാപ്പെൻറ ഭാര്യ റൈഹാനത്തിെൻറയും മൂന്ന് മക്കളുടെയും കാത്തിരിപ്പിന് ഒരാണ്ടായി. നീതി പുലരുന്നതും പ്രതീക്ഷിച്ച് നീറിപ്പുകഞ്ഞാണ് അവരുടെ ഒാരോ ദിവസവും തീരുന്നത്. ഭരണകൂടത്തിന് താൽപര്യമില്ലാത്തവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും വേട്ടയാടി വർഷങ്ങൾ കാരാഗൃഹത്തിലിടുന്ന സംഭവങ്ങളുടെ മറ്റൊരുദാഹരണം.
ജാമ്യഹരജി ഫയൽ ചെയ്യാൻ കുറ്റപത്രത്തിെൻറ പകർപ്പ് ഇതുവരെ നൽകിയിട്ടില്ല. അപേക്ഷ നൽകിയിട്ടും പല കാരണം പറഞ്ഞ് നീട്ടുകയാണ്. 2020 ഒക്ടോബർ അഞ്ചിനാണ് യു.പിയിലെ ഹാഥറസിൽ ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ മഥുര ടോൾപ്ലാസയിൽ വെച്ച് കാപ്പനെയും കൂടെയുള്ളവരെയും പിടികൂടി ജയിലിലടച്ചത്. രോഗിയായ ഉമ്മയെ കാണാൻ പരോൾ അനുവദിക്കാൻ സുപ്രീംകോടതിയിൽ പോകേണ്ടി വന്നു. ഫെബ്രുവരി എട്ടിന് വീട്ടിലെത്തിയെങ്കിലും അഞ്ചുദിവസം അനുവദിച്ച പരോൾ മൂന്ന് ദിവസമാക്കി. ഉമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. അസുഖബാധിതനായി ഏപ്രിൽ 30ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചപ്പോൾ കൂടെ നിൽക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും ഒന്ന് കാണാൻ പോലും പൊലീസ് സമ്മതിച്ചില്ല.
ടോൾ പ്ലാസയിൽനിന്ന് പിടികൂടി എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഹാഥറസിൽനിന്നാണ് അറസ്റ്റു ചെയ്തതെന്നും ഇതിന് ദൃക്സാക്ഷികളുണ്ടെന്നും പൊലീസ് കുറ്റപത്രത്തിലുള്ളതായി റൈഹാനത്ത് പറഞ്ഞു. അവരുടെ താൽപര്യത്തിന് അനുസരിച്ച് എഴുതി ചേർക്കുകയാണ്. മഥുര ജയിലിൽ പോയി ഭർത്താവിനെ കാണാൻ ശ്രമിച്ചെങ്കിലും അഭിഭാഷകരുടെ നിർദേശത്തെ തുടർന്ന് വേണ്ടെന്ന് വെച്ചു. സിദ്ദീഖിെൻറ കൂടെ ജയിലിലായവരെ കാണാൻ പോയ ബന്ധുക്കളെ യു.പി പൊലീസ് പിടികൂടിയ വാർത്തവന്നതോടെയാണ് അതെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.