അർണബി​െൻറ ജാമ്യാപേക്ഷക്കിടെ സിദ്ധീഖ്​ കാപ്പ​െൻറ അറസ്​റ്റ്​ സുപ്രീം കോടതിയിൽ ഉന്നയിച്ച്​ കപിൽ സിബൽ

ന്യൂഡൽഹി: റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹരജി പരിഗണിക്കവേ, യു.പി പൊലീസ് ഒരുമാസത്തിലേറെയായി ജയിലിലടച്ച മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പനോട്​ കോടതി സ്വീകരിച്ച സമീപനം സുപ്രീംകോടതിയെ ഓർമിപ്പിച്ച്​ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. അർണബിനെതിരെ മഹാരാഷ്​ട്ര സർക്കാറിന്​ വേണ്ടി കോടതിയിൽ ഹാജരായതായിരുന്നു സിബൽ.

കാപ്പ​െൻറ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിരുന്നു. കപിൽ സിബലായിരുന്നു കെ.യു.ഡബ്ല്യു.ജെക്ക്​ വേണ്ടി ഹാജരായത്​. എന്നാൽ, ചീഫ് ജസ്റ്റിസി​െൻറ നേതൃത്വത്തിലുള്ള ബെഞ്ച് അന്ന്​ ഹരജി പരിഗണിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കാൻ സിബലിനോട്​ നിർദ്ദേശിക്കുകയുമാണ്​ ചെയ്തത്​.

ഇക്കാര്യമാണ്​​ ബുധനാഴ്​ച അർണബി​െൻറ ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനർജിയും അടങ്ങുന്ന ബെഞ്ച് വാദം അവസാനിപ്പിക്കാനിരിക്കെ സിബൽ ചൂണ്ടിക്കാട്ടി​​യത്​. ''ഹാഥറസിലേക്ക്​ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ കേരളത്തിലെ ഒരു പത്രപ്രവർത്തകനെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന്​ അദ്ദേഹത്തിന്​ വേണ്ടി ആർട്ടിക്കിൾ 32 പ്രകാരമാണ് ഞങ്ങൾ ഈ കോടതിയിലെത്തിയത്. അപ്പോൾ കീഴ്‌ക്കോടതിയിലേക്ക് പോകാനാണ്​ പറഞ്ഞത്​. ഹരജി പരിഗണിക്കുന്നത്​ നാലാഴ്ചത്തേക്ക്​ നീട്ടിവെക്കുകയുംചെയ്​തു. അത്തരം കാര്യങ്ങളും ഇവിടെ സംഭവിക്കുന്നുണ്ട്​'' -സിബൽ ഓർമിപ്പിച്ചു. എന്നാൽ, ഇദ്ദേഹം പറഞ്ഞതിനോട്​ കോടതി ഒന്നും പ്രതികരിച്ചില്ല.

അർണബിന്‍റെ ഹരജി ഒറ്റ ദിവസം കൊണ്ട് പരിഗണിക്കപ്പെടുമ്പോൾ സിദ്ദീഖ് കാപ്പന്‍റെ ഹരജി പരിഗണിക്കാൻ ആഴ്ചകൾക്കപ്പുറത്തേക്ക് നീട്ടിവെക്കുകയാണ്​ ചെയ്​തത്​. ഇതിലെ വൈരുദ്ധ്യമാണ് സിബൽ ചൂണ്ടിക്കാട്ടിയത്.

അർണബിന്​ അടിയന്തര പരിഗണന നൽകിയതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു കേസിൽ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ അത് നാശത്തിന് വഴിയൊരുക്കുമെന്നായിരുന്നു കോടതി വ്യക്​തമാക്കിയത്​.

ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒക്ടോബർ അഞ്ചിനാണ്​ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്​തത്. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. മതവിദ്വേഷം വളർത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാർത്തുകയും ചെയ്തു. അറസ്റ്റിലായി ഒരു മാസമായിട്ടും അഭിഭാഷകരെ കാണാൻ പോലും ഇവരെ അനുവദിച്ചിരുന്നില്ല.

Tags:    
News Summary - Siddique Kappan's Arrest Mentioned In Supreme Court During Arnab Goswami Case Hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.