സിക്കിമും അരുണാചലും ഇന്ന് ബൂത്തിലേക്ക്; ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം അ​സം​ബ്ലി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പും

കുറുമാറ്റങ്ങൾ തുടർക്കഥയായ സിക്കിമിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞുനിൽക്കുന്ന അരുണാചൽ പ്രദേശിലും ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമിൽ 146 സ്ഥാനാർഥികളും അരുണാചലിൽ 50 മണ്ഡലങ്ങളിൽ 133 പേരുമാണ് മത്സരരംഗത്തുള്ളത്.

എസ്.കെ.എം ആധിപത്യം നിലനിർത്തുമോ?

സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖർ. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) അധ്യക്ഷനായ പ്രേം സിങ് തമാങ് രണ്ട് മണ്ഡലങ്ങളിൽനിന്നാണ് മത്സരിക്കുന്നത്. ഗാങ്ടോക് ജില്ലയിലെ റെനോക്, സോറെങ് ജില്ലയിലെ സോറെങ് ചകൂങ് മണ്ഡലങ്ങളിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. ഇദ്ദേഹത്തിെന്റ ഭാര്യ കൃഷ്ണ കുമാരി നംചി-സിങ്കിതാങ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്നു. ഒമ്പതാം തവണ മത്സരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) അധ്യക്ഷൻ പവൻ കുമാർ ചാംലിങ്ങും രണ്ട് മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടുന്നുണ്ട്.

എസ്.കെ.എം, എസ്.ഡി.എഫ് എന്നിവ 32 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബി.ജെ.പി 31 മണ്ഡലങ്ങളിലും കോൺഗ്രസ് 12ലും മത്സരിക്കുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.കെ.എം 17 സീറ്റിലും എസ്.ഡി.എഫ് 15 സീറ്റിലുമാണ് വിജയിച്ചത്. പിന്നീട്, എസ്.ഡി.എഫിലെ 10 എം.എൽ.എമാർ കൂറുമാറി ബി.ജെ.പിയിൽ എത്തി. 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.കെ.എമ്മുമായി ചേർന്ന് രണ്ട് സീറ്റിലും ബി.ജെ.പി വിജയിച്ചു. ബി.ജെ.പിയുടെ 12 എം.എൽ.എമാരിൽ അഞ്ച് പേർ പിന്നീട് പാർട്ടിവിട്ട് എസ്.കെ.എമ്മിൽ ചേർന്നു.

എതിരില്ലാതെ പത്തുപേർ

അരുണാചലിൽ 60 അംഗ നിയമസഭയാണ്. എന്നാൽ, 10 മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50ലേക്ക് ചുരുങ്ങിയത്.

മുഖ്യമന്ത്രി പ്രേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറ് മണ്ഡലങ്ങളിൽ ഓരോ നാമനിർദേശ പത്രിക വീതമാണ് സമർപ്പിച്ചത്. നാല് മണ്ഡലങ്ങളിൽ മറ്റുളളവർ പത്രിക പിൻവലിക്കുകയായിരുന്നു. വോട്ടെടുപ്പിന് മുമ്പുതന്നെ കരുത്ത് തെളിയിക്കാൻ കഴിഞ്ഞതിെന്റ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

അരുണാചൽ വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നബാം തൂക്കി എന്നിവർ ഉൾപ്പെടെ എട്ട് സ്ഥാനാർഥികളാണ് രംഗത്തുള്ളത്. അരുണാചൽ ഈസ്റ്റിൽ നിലവിലെ ബി.ജെ.പി എം.പി തപിർ ഗാവോ, കോൺഗ്രസ് വൈസ് പ്രസിഡന്റ് ബോസിറാം സിറാം എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ. 2,226 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 228 എണ്ണം വാഹനം എത്താത്ത വിദൂരപ്രദേശത്തുള്ളവയാണ്.

2019ൽ നടന്ന തെരഞ്ഞെടുപ്പിൽ 41 നിയമസഭാ സീറ്റുകളും രണ്ട് ലോക്സഭാ സീറ്റുകളുമാണ് ബി.ജെ.പി നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എൻ.പി.പി അഞ്ചിലും കോൺഗ്രസ് നാലിലും ജയിച്ചു. പി.പി.എ ഒരു സീറ്റിലും സ്വതന്ത്രർ രണ്ടിടങ്ങളിലും വിജയം സ്വന്തമാക്കി. ജെ.ഡി.യുവിലെ ഏഴംഗങ്ങളും പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറി. 

Tags:    
News Summary - Sikkim and Arunachal to booth today; Assembly polls along with Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.