സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന വിഷയത്തിലായിരുന്നു സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്.
'മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാര്‍ലമെന്റിലെ പകുതിയോളം എംപിമാര്‍ക്കെതിരെ പീഡനം, കൊലപാതകം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്ന നാടായി നെഹ്‌റുവിന്റെ ഇന്ത്യ മാറിയിരിക്കുന്നു' എന്നായിരുന്നു ചൊവ്വാഴ്ച സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ നടന്ന സംവാദത്തിനിടെ ലീ സീന്‍ ലൂങ് പറഞ്ഞത്. ഈ വിഷയത്തില്‍ സിംഗപ്പൂര്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുറ്റവാളികളെ കുറിച്ചുള്ള ലീയുടെ പരാമര്‍ശം അനാവശ്യമായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം സിംഗപ്പൂര്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
'സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും അത് നേടിയെടുക്കുകയും ചെയ്ത നേതാക്കള്‍ പലപ്പോഴും അസാമാന്യ ധൈര്യവും സംസ്‌കാരവും മികച്ച കഴിവും ഉള്ള അസാധാരണ വ്യക്തിത്വങ്ങളാണ്. അവര്‍ അഗ്നിപരീക്ഷകൾ താണ്ടി ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും നേതാക്കളായി ഉയര്‍ന്നു. അവരാണ് ഡേവിഡ് ബെന്‍-ഗുറിയോണ്‍സിനെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പോലുള്ളവർ.
നമുക്കും അത്തരം നേതാക്കളുണ്ട്'-ലീ ലൂങ് പറഞ്ഞു. എന്നാൽ, ഇന്നത്തെ പല രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ സ്ഥാപക നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതല്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് പൊതുതെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടും കഷ്ടിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വരുന്ന രാജ്യമായി ബെന്‍-ഗുരിയോണിന്റെ ഇസ്രായേല്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിക്ക ജനാധിപത്യ രാജ്യങ്ങളും സ്ഥാപിക്കപ്പെടുന്നത് മഹത്തായ ആശയങ്ങളെയും ഉദാത്ത മൂല്യങ്ങളെയും അടിസ്ഥാനമാക്കിയാണെന്നും എന്നാല്‍ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി ഈ രാജ്യങ്ങൾ ആ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും ലീ സീന്‍ ലൂങ് പറഞ്ഞു. രാഷ്ട്രീയത്തിന്റെ ഘടനയിൽ മാറ്റം വരികയും രാഷ്ട്രീയക്കാരോട് ജനങ്ങൾക്കുള്ള ബഹുമാനം കുറയുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.