ലഖ്നൗ: എട്ടു പൊലീസുകാരെ വെടിവെച്ചുകൊന്ന സംഭവത്തിെൻറ ആസൂത്രകനും കുപ്രസിദ്ധ ക്രിമിനലുമായ വികാസ് ദുബെയുടെ മരണം അന്വേഷിക്കാൻ രൂപവത്കരിച്ച സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്നയാൾ. ഉത്തർപ്രദേശ് സർക്കാറാണ് കഴിഞ്ഞദിവസം മൂന്നംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചത്. ഡി.ഐ.ജി ജെ. രവീന്ദ്രർ ഗൗഡ്, അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഡി, ഡി.ജി ഓഫ് പൊലീസ് ഹരിറാം ശർമ എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ രവീന്ദ്രർ ഗൗഡയാണ് സി.ബി.ഐ അന്വേഷണം നേരിടുന്നയാൾ.
13 വർഷം മുമ്പ് നിരപരാധിയായ യുവാവിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. 2007ലാണ് മരുന്ന് വ്യാപാരിയായ മുകുൾ ഗുപ്ത ബരേലിയിൽ വെച്ച് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. സി.ബി.ഐ രവീന്ദ്രർ ഗൗഡക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും അഖിലേഷ് യാദവിെൻറ നേതൃത്വത്തിലെ സമാജ്വാദി പാർട്ടി സർക്കാർ വിചാരണ െചയ്യാൻ അനുമതി നൽകിയില്ല. പിന്നീട് വന്ന യോഗി ആദിത്യനാഥിെൻറ ബി.ജെ.പി സർക്കാറും വിചാരണക്ക് അനുമതി നിഷേധിച്ചു.
2005 ബാച്ച് ഐ.പി.എസ് ഓഫിസറാണ് രവീന്ദ്രർ ഗൗഡ. 2007 ജൂൺ 30നാണ് മുകുൾ ഗുപ്ത കൊല്ലപ്പെടുന്നത്. അന്ന് ഗൗഡ അസിസ്റ്റൻറ് സൂപ്പർ ഇൻഡൻറ് ഓഫ് പൊലീസായിരുന്നു. ഗുണ്ട നേതാവ് ആയതിനാലാണ് മുകുൾ ഗുപ്തയെ വെടിവെച്ച് കൊന്നതെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.
എന്നാൽ, മകൻ നിരപരാധിയാണെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അച്ഛൻ ബ്രിജേന്ദ്ര ഗുപ്ത രംഗത്ത് വന്നു. അലഹബാദ് ഹൈകോടതി അദ്ദേഹത്തിെൻറ ഹരജി പരിഗണിക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 2014 ആഗസ്റ്റ് 26നാണ് ഗൗഡയടക്കം പത്ത് പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, അന്വേഷണവുമായി മുന്നോട്ടുപോകാൻ സർക്കാർ സമ്മതിച്ചില്ല.
തുടർന്ന് പിതാവ് വീണ്ടും ഹൈകോടതിയെ സമീപിക്കുകയും സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ ഗൗഡ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അന്വേഷണം നിർത്തിവെക്കാൻ സമ്മതിച്ചില്ല. എന്നാൽ, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് സ്റ്റേ ചെയ്തു. പക്ഷെ, കേസിൽ പിന്നീട് തുടർനടപടിയൊന്നും ഉണ്ടായില്ല. മാത്രമല്ല, 2015 ഏപ്രിലിൽ ഗുപ്തയുടെ മാതാപിതാക്കൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ഇതിനുശേഷമാണ് ഗൗഡ അംഗമായ സംഘം മറ്റൊരു വിവാദ ഏറ്റുമുട്ടൽ െകാല അന്വേഷിക്കാൻ ചുമതലയേൽക്കുന്നത്. വികാസ് ദുബെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉെെജ്ജനിൽനിന്ന് പിടിയിലായ 50കാരനായ ദുബെയെ വെള്ളിയാഴ്ച രാവിലെ ആറരയോടെ ഉത്തർപ്രദേശിലെ കാൺപുരിലേക്ക് കൊണ്ടുവരുന്ന വഴിയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കാൺപുർ എത്താൻ ഒരു മണിക്കൂർ യാത്ര ബാക്കിയുള്ളപ്പോൾ ദുബെയെ കയറ്റിയ കാർ മഴനനഞ്ഞ റോഡിൽ തെന്നി മറിയുകയായിരുന്നു.
ഇൗ അവസരം മുതലാക്കി, പൊലീസുകാരനിൽനിന്ന് തോക്ക് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ദുബെക്കുനേരെ വെടിയുതിർത്തതെന്നാണ് പൊലീസിെൻറ ഭാഷ്യം.
ദുബെ ഏറ്റുമുട്ടൽ കേസിെൻറ റിപ്പോർട്ട് ജൂലൈ 31നകം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുള്ളത്. ഭൂസ്റെഡ്ഡി ഏറെ സത്യസന്ധനയാ ഉദ്യോഗസ്ഥനായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ, രവീന്ദ്രർ ഗൗഡ സംഘത്തിൽ ഉൾപ്പെട്ടതോടെ പലരും സംശയത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.