ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഡൽഹി വംശീയാതിക്രമത്തിൽ പ്രതിചേർക്കാനുള്ള നീക്കത്തോടെ ഡൽഹി പൊലീസിെൻറ കേസന്വേഷണം വിവാദമുനയിലായി. ദേശീയതലത്തിൽ വലിയ ചർച്ചകൾക്കും ആക്ഷേപങ്ങൾക്കും ഇടവരുത്തിയ പൊലീസിെൻറ വംശീയാതിക്രമ അന്വേഷണം ബി.ജെ.പി ഉന്നത നേതൃത്വത്തിെൻറ രാഷ്ട്രീയ അജണ്ടയാണെന്ന് കോൺഗ്രസും ഇടതുപക്ഷവും തുറന്നടിച്ചു.
കലാപ അന്വേഷണം പരിഹാസ്യമാകുന്നുവെന്ന ആക്ഷേപങ്ങളിൽ പ്രതിരോധത്തിലായ പൊലീസ് യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ പ്രതികളെന്ന നിലയിലല്ല പരാമർശിച്ചതെന്ന വിശദീകരണവുമായി രംഗത്തുവന്നു. സി.പി.എം ജനറൽ സെക്രട്ടറിക്ക് പുറമെ അദ്ദേഹത്തിന് പിന്തുണയുമായി വന്ന കോൺഗ്രസ് നേതാക്കളായ പി. ചിദംബരവും ജയറാം രമേശും ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്ന് കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള പാർട്ടികൾ വ്യക്തമാക്കി.
തങ്ങളുടെ സാക്ഷിമൊഴി എന്ന് പറഞ്ഞ് പൊലീസ് തയാറാക്കിയ വിവാദ കുറ്റപത്രത്തിൽ ഒപ്പുവെക്കാൻ 'പിഞ്ച്റ തോഡ്' നേതാക്കളായ ഗുൽഫിഷയും നടാഷയും കലിതയും തയാറാകാതിരുന്നിട്ടും കുറ്റപത്രത്തിൽ ആ മൊഴി വന്നത് ഏവരെയും അമ്പരപ്പിച്ചു. ലഭിച്ച വിവരത്തിനും കുറ്റപത്രത്തിനുമിടയിൽ അന്വേഷണവും തെളിവുകൾ ഉറപ്പാക്കലുമെന്ന പ്രധാന നടപടിക്രമങ്ങളുള്ളത് ഡൽഹി പൊലീസ് മറന്നുപോയോ എന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം ചോദിച്ചു. സീതാറാം യെച്ചൂരിയെയും അക്കാദമിക പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും അനുബന്ധ കുറ്റപത്രത്തിൽ പ്രതികളാക്കി ക്രിമിനൽ നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തതെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പാണ് പൗരത്വസമര വേദികളിൽ പ്രത്യക്ഷപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരുടെ പേരുകളുള്ള അനുബന്ധ കുറ്റപത്രം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് വിചാരണ കോടതിയിൽ സമർപ്പിച്ചത്. ഗുൽഫിഷക്കെതിരെ നേരത്തേ സമർപ്പിച്ച കുറ്റപത്രത്തിന് പുറമെയായിരുന്നു ഈ അനുബന്ധ കുറ്റപത്രം.
ന്യൂഡൽഹി: വംശീയാതിക്രമ കേസിൽ ഡൽഹി പൊലീസ് പ്രതിയാക്കി യു.എ.പി.എ ചുമത്തിയ വടക്കു കിഴക്കൻ ഡൽഹിയിലെ 'പിഞ്ച്റ തോഡ്' നേതാവ് ഗുൽഫിഷ ഫാത്തിമയുടെ മൊഴി സത്യസന്ധമായി പകർത്തുകയാണ് തങ്ങൾ ചെയ്തതെന്ന് ഡൽഹി പൊലീസിെൻറ ന്യായീകരണം. എന്നാൽ, സാക്ഷി മൊഴി കൊണ്ട് മാത്രം ഒരാൾ പ്രതിചേർക്കപ്പെടുകയില്ല.
മൊഴിയുമായി ഒത്തുപോകുന്ന തെളിവുകൾ കൂടിയുണ്ടെങ്കിൽ മാത്രമേ തുടർ നടപടി എടുക്കുകയുള്ളൂ. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.